
കൊച്ചി: കഞ്ചാവുമായി പിടിയിലായതോടെ റാപ്പർ വേടൻ എന്ന പേരില്‍ പ്രസിദ്ധനായ ഹിരണ്‍ദാസ് മുരളി വീണ്ടും ചർച്ചകളില്‍ നിറയുകയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നിർമാണമേഖലയില്‍ ജോലി ചെയ്ത് ജീവിതം തുടങ്ങിയ ഹിരണ്‍ദാസ് മുരളി തന്റെ ഇരുപത്തഞ്ചാം വയസിലാണ് ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. പിന്നീട് സംഗീത ലോകത്ത് തന്റേതായ ഇടമൊരുക്കിയ വേടൻ പക്ഷേ പലപ്പോഴും വിവാദങ്ങളുടെ കൂടി സഹയാത്രികനായിരുന്നു. കുറഞ്ഞകാലം കൊണ്ട് നല്ലൊരു വിഭാഗം ജനങ്ങളുടെ ആരാധനാപാത്രമായി മാറിയ വേടൻ ലൈംഗികാരോപണങ്ങളിലും പെട്ടിട്ടുണ്ട്. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് വേടൻ ലഹരിക്കേസില്‍ പിടിയിലാകുന്നത്.
പ്രശസ്തിയിലേക്ക് ഉയരുന്നതിനിടെ തന്നെ വേടൻ ലൈംഗികാരോപണങ്ങളില്‍ പെട്ടു. ‘വുമണ്‍ എഗെയ്ൻസ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ്’ എന്ന കൂട്ടായ്മയ വഴി ഏതാനും സ്ത്രീകള്‍ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്‌വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
സംവിധായകൻ മുഹ്‌സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ മീടു ആരോപണം ഉയർന്നത്. പിന്നാലെ ആല്‍ബത്തിന്റെ പ്രവർത്തനങ്ങള്‍ നിർത്തിവെക്കുകയാണെന്ന് മുഹ്‌സിൻ പരാരി അറിയിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ വേടൻ മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ടുള്ള വേടന്റെ പോസ്റ്റിന് നടി പാർവതി തിരുവോത്ത് ലൈക്ക് ചെയ്തതും വിവാദമായി. ഇതേ തുടർന്ന് ലൈക്ക് പിൻവലിച്ച് പാർവതി മാപ്പ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ സംഗീത പരിപാടികള്‍ക്കിടെ വേടൻ നടത്തിയ പരാമർശങ്ങള്‍ വലിയ ചർച്ചയായിരുന്നു. എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട്, സിനിമ ചെയ്തതിന് ഇഡി റെയ്ഡ് വരുന്ന കാലമാണിതെന്ന വേടന്റെ വാക്കുകള്‍ വൈറലായി. കാരണവന്മാർ മണ്ടത്തരം കാണിച്ച് നടക്കുകയാണെന്നും പുതുതലമുറയില്‍ മാത്രമാണ് പ്രതീക്ഷയെന്നും വേടൻ അന്ന് പറഞ്ഞു.
ലഹരിക്കെതിരെ വേടൻ സംസാരിച്ചിട്ട് അധികനാളുകള്‍ ആയിട്ടില്ല. നിരവധി മാതാപിതാക്കള്‍ തന്നോട് ലഹരിക്കെതിരെ സംസാരിക്കണം എന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറയുന്നത് എന്നു പറഞ്ഞാണ് കഴിഞ്ഞയാഴ്ച്ച വേടൻ ലഹരിവിരുദ്ധ പ്രഭാഷണം നടത്തിയത്. അതിന് പിന്നാലെയാണ് വേടൻ തന്നെ പൊലീസിന്റെ വലയിലായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച തൃശൂർ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെയാണ് വേടൻ സിന്തറ്റിക് ഡ്രഗ്സിനെതിരെ സംസാരിച്ചത്. “ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് മരിച്ചു പോകും.
അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോള്‍ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ” – ഇതായിരുന്നു വേടന്റെ സാരോപദേശം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കഞ്ചാവുമായി വേടൻ തന്നെ പൊലീസിന്റെ വലയിലായിരിക്കുന്നത്.
യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തില്‍ ശ്രദ്ധേയനായ വേടൻ എന്ന ഹിരണ്‍ദാസ് മുരളി നിരവധി യുവാക്കളുടെ ആരാധനാപാത്രമാണ്. വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടൻ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ വേടൻ മലയാള സിനിമയ്ക്കും സമ്മാനിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയിലെ ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആ ഗാനത്തിന്റെ വരികള്‍ രചിച്ചത് വേടനായിരുന്നു.
വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. ഏഴ് ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. താൻ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. വൈദ്യപരിശോധനക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഞ്ചാവ് ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് വ്യക്തമാക്കി. ആരുടെയും കയ്യില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും, വേടൻറെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും ഹില്‍പാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.
ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നല്‍കാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാല്‍, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.
അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയില്‍ നിന്നാണ് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയില്‍ നടത്താനിരിക്കുന്ന പരിപാടിയിലെ വേടൻറെ റാപ്പ് ഷോ ആണ് റദ്ദാക്കിയത്. റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ കഞ്ചാവ് കേസില്‍ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വേടൻറെ ഫ്ലാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വേടൻ ഫ്ലാറ്റിലെത്തിയത്. ഒമ്പതുപേരാണ് മുറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നാണ് പൊലീസ് വേടൻറെ ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.