
സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നി കീക്കോഴൂരിൽ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊല്ലുകയും കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അതുൽ സത്യനെ (29) പൊലീസ് കസ്റ്റഡിയിൽ എടുത്തു. റാന്നി ഉതിമൂട് ഡിപ്പോപ്പടിയിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് അതുൽ പിടിയിലായത്. ഇയാളുടെ ശരീരത്തും ഗുരുതര പരുക്കുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കീക്കോഴൂർ മലർവാടി ഇരട്ടപ്പനയ്ക്കൽ രജിത മോൾ (27) വെട്ടേറ്റ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അമൃത എന്നിവർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രാജുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു രണ്ടു പേരുടെയും പരുക്ക് ഗുരുതരമല്ലാത്തതിനാൽ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ നടത്തിയ പ്രത്യാക്രമണത്തിലാകണം അതുലിന് പരുക്കേറ്റത് എന്നാണ് പൊലീസ് നിഗമനം. ഇയാളുടെ മുറിവുകൾ ഗുരുതരമാണ്. അവശനിലയിൽ ചോര വാർന്നാണ് പ്രതിയെ പൊലീസിന് കിട്ടിയത്. ശനിയാഴ്ച രാത്രി കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ടതാണ് അതുൽ.
കൊലപാതകം, ലഹരി മരുന്ന് കച്ചവടം, പിടിച്ചു പറി അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. മറ്റൊരാളുടെ ഭാര്യയായിരുന്ന രജിത ഇയാൾക്കൊപ്പം താമസം തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. അടുത്തയിടെ രജിതയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പത്തനാപുരത്തെ റബർ തോട്ടത്തിലെത്തിച്ച് വീഡിയോ ഇപ്രകാരം ഷൂട്ട് ചെയ്തു. തുടർന്ന് മാതാവ് ഗീതയെയും ഭീഷണിപ്പെടുത്തി.
ഗീത പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വാളുമായി വീട്ടിലെത്തിയ പ്രതി രജിതയെ വെട്ടി വീഴ്ത്തിയത്. തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റ രജിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു.




