‘ബോധപൂര്‍വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും “ജയ് മാതാ ദി” എന്ന് വിളിക്കുകയും ചെയ്തു,രണ്‍ബീര്‍ കപൂറും കുടുംബവും മതവികാരം വ്രണപ്പെടുത്തി’;പരാതി ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോയെ ചൊല്ലി

Spread the love

സ്വന്തം ലേഖിക

ബോളിവുഡ് നടൻ രണ്‍ബീര്‍ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം.സഞ്ജയ് തിവാരി എന്ന വ്യക്തിയാണ് തന്റെ അഭിഭാഷകര്‍ മുഖേന മുംബൈയിലെ ഘട്കോപര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മദ്യമൊഴിച്ച കേക്കിന് തീ കൊളുത്തുമ്ബോള്‍ “ജയ് മാതാ ദി” എന്ന് പറഞ്ഞതിനെയാണ് സഞ്ജയ് തിവാരി ചോദ്യം ചെയ്തത്. സംഭവത്തില്‍ ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ വൈറലായ ദൃശ്യങ്ങളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തീന്മേശയിലിരിക്കുന്ന കേക്കിലേക്ക് മദ്യം ഒഴിക്കുകയും രണ്‍ബീര്‍ കപൂര്‍ അതിന് തീകൊളുത്തുകയും ചെയ്യുന്നത് കാണാം. ഈ വീഡിയോ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ കേസ്. അന്തരിച്ച നടൻ ശശി കപൂറിന്റെ വസതിയിലായിരുന്നു തിങ്കളാഴ്ച ആഘോഷത്തിനായി രണ്‍ബീറും കുടുംബവും ഒത്തുചേര്‍ന്നത്. കുടുംബത്തിന്റെ ക്രിസ്മസ് ബ്രഞ്ചില്‍ രണ്‍ബീറും ആലിയയും മകള്‍ റാഹ, അഗസ്ത്യ നന്ദ എന്നിവരും പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഹിന്ദുമതത്തില്‍,മറ്റ് ദേവതകളെ ആവാഹിക്കുന്നതിന് മുമ്ബ് അഗ്നിദേവനെ വിളിക്കാറുണ്ട്. എന്നാല്‍ രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്ബോള്‍ ബോധപൂര്‍വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും “ജയ് മാതാ ദി” എന്ന് വിളിക്കുകയും ചെയ്തു’ പരാതിയില്‍ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 298,500, 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവരാണ് പരാതി സമര്‍പ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ നിര്‍മിച്ച്‌ പ്രചരിപ്പിച്ചതെന്നും പരാതി ആരോപിക്കുന്നു.