മുൻ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ കെ.ബാബു മത്സരിക്കാനില്ല: തൃപ്പൂണിത്തുറയില്‍ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

Spread the love

കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എല്‍.എ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തില്‍ തൃപ്പൂണിത്തുറയില്‍ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും
.

video
play-sharp-fill

പിഷാരടിയുമായി നേതാക്കള്‍ ഇത് സംബന്ധിച്ച്‌ പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉള്‍പ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചൊരു അഭിമാനപ്രശ്നം കൂടിയാണ്.

വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തില്‍ പല പേരുകള്‍ പരിഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്.
കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപ്പറേഷൻ ഡിവിഷനുകളില്‍ ഇത്തവണ എല്‍ഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്.

ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ദീർഘകാലത്തിന് ശേഷം 1991-ല്‍ കെ. ബാബുവിലൂടെയാണ് പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കള്‍ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച് തവണ ജയിച്ചു. എന്നാല്‍ ബാർകോഴ വിവാദത്തെ തുടർന്ന് 2016-ല്‍ ബാബുവിന് അടിപതറി. 4,467 വോട്ടിനാണ് എം. സ്വരാജ്, ബാബുവിനെ വീഴ്ത്തിയത്. എന്നാല്‍ 2021-ല്‍ വീണ്ടും കെ.ബാബു അതേ സ്വരാജിനെ തോല്‍പ്പിച്ച്‌ വെന്നിക്കൊടി പാറിച്ചു. പക്ഷേ ഭൂരിപക്ഷം 1,232 വോട്ടായി ചുരുങ്ങി.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎമ്മിന്റെ പ്രഥമ പരിഗണന കൊച്ചി മുൻ മേയർ എം.അനില്‍കുമാറിനാണ്. സംസ്ഥാനത്ത് ബിജെപി വേരോട്ടമുണ്ടാക്കിയ മണ്ഡലം കൂടിയായതിനാല്‍ തൃപ്പൂണിത്തുറയില്‍ ഇത്തവണ ഹൈവോള്‍ട്ടേജ് പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.എസ്. രാധാകൃഷ്ണൻ, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഉള്‍പ്പെടെയുള്ള പേരുകളാണ് ബിജെപി പരിഗണനയിലുള്ളത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ പെടുന്ന സീറ്റാണ് തൃപ്പൂണിത്തുറ.

വൈപ്പിൻ സീറ്റില്‍ ഇക്കുറി ഈഴവ സമുദായത്തില്‍നിന്ന് ഒരാളെയാവും യുഡിഎഫ് നിർത്തുക. കഴിഞ്ഞ തവണ മത്സരിച്ച ദീപക് ജോയി നിലവില്‍ കൊച്ചി നഗരസഭ മേയറാണ്. മേയർ മത്സരിക്കേണ്ട എന്ന തീരുമാനം വന്നാല്‍ സീനിയർ നേതാവായ അജയ് തറയിലിന് നറുക്കുവീണേക്കും.