പ്രശോഭ് വത്സനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി രമേശ് പിഷാരടി; പെണ്‍കുട്ടിക്ക് നീതി ലഭിക്കണം

Spread the love

ലൈംഗികാതിക്രമ പരാതിയെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെതിരെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസും സിസ്റ്റവും അതിനുള്ള എല്ലാ നടപടിയും സ്വീകരിക്കണമെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശോഭ് പ്രചരണത്തിന് വന്നിരുന്നുവെന്നും അല്ലാതെ വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ല. ഖേദകരമായ വാര്‍ത്തയാണിത്. ഒരു വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ടുള്ള ആരോപണം വോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനം നോക്കുമെന്ന് തോന്നുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

video
play-sharp-fill

അതേസമയം ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.