കോമാളി എന്ന പ്രയോഗം മനോവിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് തോമസ് ഐസക്; പിന്നാലെ ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്ന് രമേശ് പിഷാരടി

Spread the love

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ലക്ഷ്യമിട്ട് നടത്തിയ കോമാളിയെന്ന പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. കോമാളി എന്ന പ്രയോഗത്തില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിക്ക് മനോവിഷമം ഉണ്ടായെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല താന്‍ ഉദ്ദേശിച്ചതെന്ന് തോമസ് ഐസക് വിശദീകരിച്ചു. തന്റെ വിമര്‍ശനം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

video
play-sharp-fill

അതേസമയം തോമസ് ഐസക്കിന്റെ ഖേദപ്രകടനത്തിന് പിന്നാലെ തനിക്കെതിരെയുള്ള ‘കോമാളി’ പരാമർശത്തിൽ തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി വ്യക്തമാക്കി. തനിക്ക് അതിൽ മനോവിഷമം ഉണ്ടായിട്ടില്ല എന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു. പാലക്കാട് എല്‍ഡിഎഫ് ഡീലെന്ന ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് കോമാളി എന്ന പ്രയോഗം തോമസ് ഐസക് നടത്തിയത്. അത് രാഷ്ട്രീയ വിമര്‍ശനമായിരുന്നു. പലസ്തീനിലും മറ്റും പ്രശ്‌നം നടക്കുമ്പോള്‍ നമ്മള്‍ പ്രതിഷേധിക്കുന്നതെന്തിനാ എന്ന് ചോദിക്കുന്ന നിലപാടില്ലായ്മയെയാണ് രാഷ്ട്രീയമായി വിമര്‍ശിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള അച്ചാരമൊന്നും തങ്ങള്‍ വാങ്ങിച്ചിട്ടില്ലെന്നും പാലക്കാട് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.