
പ്രതിപക്ഷ നേതാവിന് സ്വന്തമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും ; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാൻ അഞ്ച് പവനും : ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കുള്ളത് 1.61 കോടിയുടെ സമ്പാദ്യം : തന്നെക്കാൾ സമ്പന്ന ഭാര്യയെന്ന് ചെന്നിത്തലയുടെ സത്യവാങ്മൂലം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആകെയുള്ള സമ്പാദ്യം 47.26 ലക്ഷം രൂപ. നാമ നിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചെന്നിത്തല തന്റെ ആസ്തികൾ വ്യക്തമാക്കുന്നത്.
അതേസമയം, ചെന്നിത്തലയുടെ ഭാര്യ അനിതക്കാവട്ടെ സ്വന്തമായിട്ടുള്ളത് 1.61 കോടി രൂപയുടെ സമ്പാദ്യമാണ്. രമേശ് ചെന്നിത്തലയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ളത് 6. 32 ലക്ഷം രൂപയാണ്. ചെന്നിത്തലയ്ക്ക് സ്വന്തമായുള്ള ഇന്നോവ കാറിന്റെ വില 4 ലക്ഷം രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണമായി കയ്യിലുള്ള 5 പവന് 1.68 ലക്ഷം രൂപയാണ് മതിപ്പ് വില. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലും ജയ്ഹിന്ദ് ടിവിയിലും ഇക്വിറ്റി ഷെയറുകളുണ്ട്. കൂടാതെ എസ്ബിഐ ഇക്വിറ്റി, കോർപറേറ്റ് ബോർഡ് ഫണ്ടുകളും എന്നിവയും രമേശ് ചെന്നിത്തലയ്ക്കുണ്ട്.
ചെന്നിത്തലയുടെ കയ്യിൽ പണമായിട്ടുള്ളത് 25,000 രൂപയാണ്. ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്ക് കയ്യിൽ പണമായുള്ളത് 15,000 രൂപയാണ്. 76. 20 ലക്ഷം രൂപ മതിപ്പ് വില വരുന്ന വസ്തു വകകൾ ചെന്നിത്തലയുടെ പേരിലുണ്ട്.
അനിതയുടെ സമ്പാദ്യമായ 1.61 കോടിയിൽ ബാങ്കിലുള്ള നിക്ഷേപം, ഇൻഷൂറൻസ് പോളിസി, സ്വർണം എന്നിവ ഉൾപ്പെടുന്നുണ്ട്. 80 പവൻ ആഭരണങ്ങൾ ആണ് അനിതയ്ക്ക് ഉള്ളത്. ചെന്നിത്തലയ്ക്ക് 2.04 കോടിയുടെ ബാധ്യത വായ്പയായിട്ടുണ്ട്. 8 കേസുകളും തനിക്കെതിരെയുള്ളതായി സത്യവാങ്മൂലത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.