play-sharp-fill
വനിതാമതിലിന്റെ ആലപ്പുഴയിലെ ചുമതലക്കാരൻ ചെന്നിത്തല

വനിതാമതിലിന്റെ ആലപ്പുഴയിലെ ചുമതലക്കാരൻ ചെന്നിത്തല


സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ മതിലിന്റെ ആലപ്പുഴയിലെ ചുമതലക്കാരൻ ചെന്നിത്തല. എന്നാൽ, തന്നോട് ആലോചിക്കാതെ പേരുവച്ചത് സാമാന്യ മര്യാദയില്ലായ്മയാണെന്നും ഇതിലുള്ള പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണിൽ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനെന്ന പേരിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിനോടു തനിക്കും യുഡിഎഫിനുമുള്ള എതിർപ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്. എന്നിട്ടും തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അതു പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തത് രാഷ്ട്രീയ സദാചാരത്തിനു ചേരുന്ന നടപടി അല്ല. രണ്ടു തവണയാണു പിആർഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പിൽ തന്റെ പേരില്ലായിരുന്നു. രണ്ടാമത്തേതിൽ പേരു വച്ച് ഇറക്കി. ഇതു മനപ്പൂർവമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തന്നെ രക്ഷാധികാരിയാക്കിയ നടപടി ഉടൻ പിൻവലിക്കണം. വനിതാ മതിൽ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.