
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വനിതാ മതിൽ രൂപീകരിച്ച് സംഘപരിവാർ പ്രതിഷേധത്തെ നേരിടാൻ സർക്കാർ ഒരുങ്ങുന്നതിനെതിരായ ചെന്നിത്തലയുടെ വിമർശനത്തിന് പിന്നിൽ എൻ.എസ്.എസും സുകുമാരൻ നായരുമെന്ന് സൂചന. എൻ.എസ്.എസിനെ അടക്കം ചർച്ചയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ സമവായത്തിന് വഴി തുറന്നെങ്കിലും ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇത് തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്എൻഡിപിയും കെ.പി.എം.എസും അടക്കമുള്ള 199 സംഘടനകരുടെ യോഗത്തിൽ മുഖ്യമന്ത്രി വനിതാ മതിൽ എന്ന പ്രസ്താവന നടത്തിയത്. എന്നാൽ ഇത് പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന പ്രസ്താവനയോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. വനിതാ മതിൽ എന്ന ആശയം ശുദ്ധ തട്ടിപ്പാണ്. സർക്കാർ ചെലവിൽ ഇത്തരത്തിലൊരു പരിപാടി നടത്തുന്നതിനോട് യോജിപ്പില്ല. സിപിഎമ്മിന് വേണമെങ്കിൽ പരിപാടി നടത്താം. കൊട്ടിഘോഷിച്ച് നടത്തിയ യോഗത്തിന്റെ മിനിറ്റ്സ് പുറത്ത് വിടണമെന്നും അദേഹം ആവശ്യപ്പെട്ടു. എൻ എസ് എസിനെയും ചില ദളിത് സംഘടനകളെയും ഒപ്പം കൂട്ടി സർക്കാർ സ്വീകരിച്ചിരിക്കുന്ന തന്ത്രത്തിനെ എൻഎസ് എസിനെ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം.
വിവിധ ദളിത് സംഘടനകളടക്കം സർക്കാരിനൊപ്പം കൂടിയതോടെ ഇതിനെ പ്രതിരോധിക്കുന്നതിനാണ് കോൺഗ്രസ്സിന്റെ ശ്രമം. സർക്കാരും സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനേയും ജനറൽ സെക്രട്ടറി സുകുമാരൻ നായരേയും ഇതിനായി കോൺഗ്രസ്സും രമേശ് ചെന്നിത്തലയും ഉപയോഗിക്കുകയാണ്. കോൺഗ്രസ്സിന്റെ ഈ നീക്കത്തെ പ്രതിരോധിക്കുന്നതിനായാണ് 199 സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്. ഈ സംഘടനകളുടെ സഹായത്തോടെ കേരളത്തിലെമ്പാടും വനിതാ മതിൽ തീർക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിരുക്കുന്നത്. പ്രത്യക്ഷ്യത്തിൽ വിവിധ സംഘടനകളാണ് പരിപാടി സഘടിപ്പിക്കുന്നതെന്ന് തോന്നുമെങ്കിലും സിപിഎം തന്നെയാണ് മുന്നിൽനിന്ന് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. ഈ സാഹചര്യത്തിൽ പരിപാടി വിജയിപ്പിക്കാൻ സിപിഎം തന്നെ രംഗത്ത് ഇറങ്ങുമെന്ന് ഉറപ്പാണ്. ഇത് മനസ്സിലാക്കി തന്നെയാണ് ഇപ്പോൾ രമേശ് ചെന്നിത്തല ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. സർക്കാർതലത്തിൽ പരിപാടി സംഘടിപ്പിക്കുകയും നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി നിൽക്കുന്നവർ ഒപ്പം ചേരുകയും ചെയ്താൽ ഇത് അടുത്ത തിരഞ്ഞെടുപ്പിന സിപിഎമ്മിന് വളരെയധികം ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തലയ്ക്കറിയാം. ഈ സാഹചര്യത്തിലാണ് വനിതാ മതിലെന്ന പ്രതിഷേധ പരിപാടിയെ പൊളിക്കാനായി കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തിറങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കോൺഗ്രസ്സിലെ കൂടുതൽ നേതാക്കൾ രംഗത്ത് വരുമെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group