ക്വട്ടേഷന്‍ സംഘത്തെ ബജറ്റ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ച പോലെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ്; അധിക നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാരിനോട് ജനം പ്രതികാരം ചെയ്യും: രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
കോട്ടയം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വട്ടേഷന്‍ സംഘത്തെ ബജറ്റ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ച പോലെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ്. കൊവിഡും പ്രളയവും മൂലം വലഞ്ഞ ജനങ്ങളുടെ മേല്‍ 4,000 കോടി രൂപയുടെ ബാധ്യതയാണ് ധനമന്ത്രി അടിച്ചേല്‍പ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്‍റെ എട്ടാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിണറായി വിജയന്‍റെ ഏഴ് വര്‍ഷക്കാലത്തെ ഭരണത്തില്‍ സംസ്ഥാനത്തിന്‍റെ പൊതുകടം നാല് ലക്ഷം കോടിയായി വര്‍ധിച്ചു. കേരളത്തില്‍ ഓരോ കുട്ടിയും 10,5000 രൂപയുടെ കടക്കാരനായാണ് ഇപ്പോള്‍ ജനിച്ചുവീഴുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാവപ്പെട്ടവരെയും സാധാരണക്കാരെയും പിഴിഞ്ഞുകൊണ്ടാകരുത് നികുതി പിരിവ് നടത്തേണ്ടത്. ജനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും മുന്‍ പ്രതിപക്ഷനേതാവ് പറഞ്ഞു.
കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ, മുന്‍ മന്ത്രി കെസി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ എന്നീ പ്രമുഖ നേതാക്കളും പങ്കെടുത്തു.