
സ്വന്തം ലേഖകൻ
കോട്ടയം: രാമായണ പാരായണത്തിന്റെ പുണ്യവുമായി കർക്കടക മാസം . രാമായണ ശീലുകളുമായി ക്ഷേത്രങ്ങൾ.
രാമായണ മാസമായി നാം ആചരിക്കുന്നു. കൊല്ല വർഷം അനുസരിച്ച് അവസാനമാസമാണ് കർക്കടകം. ‘ആണ്ടറുതി മാസം ‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്. തൊട്ടടുത്ത ചിങ്ങമാസം തുടങ്ങുന്നതോടെ 1198 എന്ന പുതുവർഷം പിറക്കുകയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. രാമായണ പാരായണം സകല ദോഷങ്ങൾക്കുമുള്ള പരിഹാരമാണ്.
രാമന്റെ അയനമാണ് രാമായണം. അയനം എന്നാൽ വഴി എന്നർഥം. ബ്രഹ്‌മാവിന്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമന്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.
രാമായണ പാരായണ രീതി എങ്ങനെ?
കുളിച്ച് ദേഹ ശുദ്ധിവരുത്തിയശേഷംവേണം പാരായണം. ശുഭ്ര വസ്‌ത്രം ധരിക്കണം. നെറ്റിയിൽ ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വച്ച് കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. വെറും നിലത്തിരുന്ന് വായിക്കരുത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.
“രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല “എന്നാണ് സ്വാമി വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.
നന്മതിന്മകൾ തമ്മിലുള്ള ഏറ്‍റുമുട്ടലിന്‍റെ അവസാനം കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസ്സിലെ രാഗ വിദ്വേഷങ്ങളാകണം. തുളസിയിലയിൽ വീണ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാകണം അന്തരംഗം. അപ്പോൾ മാത്രമേ, നുകരാനാകൂ.. സാരാനുഭൂതിക്ക് സാമ്യമില്ലാത്ത രാമകഥാമൃതത്തിന്‍റെ പൂർണ്ണാനന്ദം.
ഇനിയുള്ള നാളുകൾ അതിനുള്ളതാകട്ടെ, ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം ഇച്ഛകൾ വെടിഞ്ഞ് ജീവിതത്തെ ധന്യമാക്കട്ടെ.