
പൂരം ആവേശമാക്കാൻ രാമനെത്തി: നെയ്തലക്കാവിലമ്മയുടെതിടമ്പുമായി തെക്കേഗോപുര നടയിലേയ്ക്ക്; അൽപസമയത്തിനകം തെക്കേഗോപുരം തുറക്കും; സാക്ഷിയായി പതിനായിരങ്ങൾ
സ്വന്തം ലേഖകൻ
തൃശൂർ: പൂരപ്രേമികളുടെയും ആനപ്രേമികളുടെയും ആവേശം തിടമ്പായി ശിരസിലേറ്റി ഒടുവിൽ രാമൻ പൂരപ്പറമ്പിൽ എത്തി. വടക്കുംനാഥന്റെ മൈതാനത്ത് എത്തിയ കൊമ്പൻ നെറ്റിപ്പട്ടവും, തിടമ്പും തലയിലേറ്റി തയ്യാറെടുത്തു നിൽക്കുകയാണ്. തുടർന്ന തെക്കേഗോപുര നടയിലേയ്ക്ക് എഴുന്നെള്ളിയെത്തുകയാണ് കൊമ്പൻ. അൽപ സമയത്തിനകം തന്നെ ആന തെക്കേഗോപുര നടയിലേയ്ക്ക് എഴുന്നെള്ളി എത്തി നട തള്ളിത്തുറക്കും. ആനയെ കാണാനും, ചടങ്ങുകളിൽ പങ്കുകൊള്ളാനുമായി പതിനായിരങ്ങളാണ് തെക്കേ ഗോപുരത്തിനു മുന്നിൽ തടിച്ച് കൂടിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പൂരത്തിന്റെ വിളംബര ചടങ്ങുകൾക്ക് തുടക്കമായത്. നെയ്തലക്കാവിലമ്മയുടെ തിടമ്പും ശിരസിലേറ്റി തെച്ചിക്കോട്ട്കാവ് ദേവീദാസൻ എന്ന കൊമ്പനാണ് എഴുന്നെള്ളിയെത്തിയത്. ഒൻപതരയോടെ തന്നെ തെച്ചിക്കോട്ട്കാവ് ദേവസ്വത്തിൽ നിന്നും ലോറിയിൽ രാമചന്ദ്രനെ എത്തിക്കുകയായിരുന്നു. മണികണ്ഠനാലിന് സമീപത്ത് കൊമ്പനെ ഇറക്കിയ ശേഷം നെറ്റിപ്പട്ടം അണിയിച്ചു. തയ്യാറാക്കി നിർത്തിയ കൊമ്പന്റെ അടുത്തേയ്ക്ക് തെച്ചിക്കോട്ട്കാവ് ദേവീദാസൻ എത്തി. തുടർന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പ് ദേവീദാസൻ രാമചന്ദ്രന് കൈമാറി. ഈ തിടമ്പും ശിരസിലേറ്റിയാണ് രാമചന്ദ്രൻ തെക്കേഗോപുരനട തള്ളിത്തുറക്കാനായി എത്തുന്നത്.
ദിവസങ്ങൾ നീണ്ടു നിന്ന ആശങ്കയ്‌ക്കൊടുവിലാണ് കൊമ്പനെ തെക്കേഗോപുരനട തള്ളിത്തുറക്കുന്ന ചടങ്ങിന് എഴുന്നെള്ളിക്കാൻ അനുവാദം ലഭിച്ചത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി ആനയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചത്. തുടർന്ന് ആനയെ എഴുന്നെള്ളിക്കാൻ അനുവാദം ലഭിച്ചത്.