
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനും, കേരളത്തിലെ മുതിർന്ന നേതാവുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകുന്നതോടെ ലഭിക്കുന്നത് കേരള ബിജെപി നേതൃത്വത്തിലുള്ള മികവിന്റെ അംഗീകാരം. ചെറുപ്പത്തിൽ ദീർഘദൂര ഓട്ടക്കാരനായിരുന്നു വി.മുരളീധരൻ. 1976-77ൽ ബ്രണ്ണൻ കോളേജിലെ പ്രീഡിഗ്രിക്കാലത്ത് 1500 മീറ്റർ ഓട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്ബ്യനായി. പിന്നീട് നിരവധി മാരത്തോണുകളിലും വിജയിച്ചു. ഊർജ്ജം ചോരാതെ ദീർഘദൂരം ഓടാൻ കാമ്ബസ് കാലത്ത് ആർജ്ജിച്ച കഴിവാണ് രാഷ്ട്രീയ മാരത്തോണുകളിൽ മുരളിക്കു കൂട്ടായത്. പ്രതിസന്ധികൾ അതിവേഗം ഓടിത്തീർക്കാനുള്ള ഊർജ്ജവും ആ ഓട്ടത്തിൽ നിന്ന് മുരളി കൈവശമാക്കി.
ചുവപ്പുകോട്ടയായ ബ്രണ്ണൻ കോളേജിൽ കൈയിൽ രാഖി കെട്ടി, ചുവന്ന പൊട്ടു തൊട്ട്, സൗമ്യശീലനായ മെലിഞ്ഞുണങ്ങിയ യുവാവായിരുന്നു മുരളി. 1977മുതൽ 80 വരെയുള്ള ബിരുദകാലത്ത് ഇംഗ്ലീഷ് സാഹിത്യ ക്ലാസിൽ രണ്ട് മുരളിമാരാണുണ്ടായിരുന്നത്, എൻ.മുരളിയും വി.മുരളിയും. ഇതിൽ എൻ. മുരളീധരൻ പിന്നീട് പത്രപ്രവർത്തകനായി പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ റീജിയണൽ മേധാവിയായി വിരമിച്ചു. കറുത്ത കോട്ടിട്ട് യൂറോപ്യൻ സ്‌റ്റൈലിൽ വരുന്നൊരു പ്രൊഫസറുണ്ടായിരുന്നു ബ്രണ്ണൻ കോളേജിൽ അക്കാലത്ത്, പ്രൊഫ. കുമ്ബളം വിജയൻ. ഹാജരെടുക്കുമ്‌ബോൾ അദ്ദേഹം രണ്ട് മുരളിമാരെയും നീട്ടിയൊരു വിളിയാണ്- സഹപാഠി എൻ.മുരളി ഓർത്തെടുക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തരാവസ്ഥയ്ക്ക് പിന്നാലെയുള്ള കാലമാണ്. അന്ന് എസ്.എഫ്.ഐയാണ് ഏറെ വേട്ടയാടപ്പെട്ടത്. ബ്രണ്ണനിൽ എ.ബി.വി.പി വലിയ പ്രസ്ഥാനമായിട്ടില്ല. മുരളീധരനടക്കം ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമാണ് എ.ബി.വി.പിക്കാർ. ഒമ്ബതാം ക്ലാസുമുതൽ എ.ബി.വി.പി പ്രവർത്തകനായിരുന്ന മുരളി പിന്നീട് എല്ലാ കാമ്ബസുകളിലും എ.ബി.വി.പിയെ വളർത്തി. കാമ്ബസിൽ ശാന്തനായിരുന്നെങ്കിലും തന്റെ ആശയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു മുരളി. ബ്രണ്ണനിൽ നിന്ന് പ്രസ്ഥാനത്തെ വളർത്തിയുള്ള ആ ഓട്ടമാണ് ഇന്ന് കേന്ദ്രമന്ത്രിസഭയിൽ എത്തിനിൽക്കുന്നത്. 2011ൽ തിരഞ്ഞെടുപ്പിന് കളമൊരുക്കാൻ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ 41ദിവസം കൊണ്ട് 560കിലോമീറ്റർ പദയാത്ര നടത്താൻ പഴയകാല ദീർഘദൂര ഓട്ടക്കാരന് ഏറെയൊന്നും പരിശീലിക്കേണ്ടി വന്നില്ലെന്ന് ചെറുചിരിയോടെ മുരളീധരൻ.
ആശയത്തിലെന്ന പോലെ ആഹാരത്തിലും വിട്ടുവീഴ്ചയില്ല മുരളിക്ക്. വർഷങ്ങളായി സസ്യാഹാരം മാത്രം. നാരങ്ങാനീരും തേനും ചാലിച്ച് ചെറു ചൂടുവെള്ളത്തിൽ കുടിച്ചാണ് ദിവസം തുടങ്ങുക. പ്രാതലിന് പ്രിയം ഉപ്പുമാവും പുട്ടും. വേവിച്ച പച്ചക്കറികളും കഴിക്കും. ഉച്ചയ്ക്ക് കുറച്ച് ചോറും പച്ചക്കറികളും. മറ്റുള്ളവരുടെ വിഷമങ്ങളിൽ തനിക്കാവും വിധം അവരെ സഹായിക്കുന്നതാണ് ഏറെ സംതൃപ്തി നൽകുന്നതെന്ന് മുരളീധരൻ പറയുന്നു.