രാജ്യത്ത് ഒരിടത്തുമില്ലാത്ത ഉത്തരവുമായി വനംവകുപ്പ് ; പ്രമുഖ ക്ഷേത്രങ്ങളിലടക്കമുള്ള ആന എഴുന്നള്ളത്ത് തടയാൻ നീക്കം

രാജ്യത്ത് ഒരിടത്തുമില്ലാത്ത ഉത്തരവുമായി വനംവകുപ്പ് ; പ്രമുഖ ക്ഷേത്രങ്ങളിലടക്കമുള്ള ആന എഴുന്നള്ളത്ത് തടയാൻ നീക്കം

 

സ്വന്തം ലേഖിക

തിരുവനന്തപുരം: നാട്ടാന പരിപാലന നിയമത്തിന്റെ പേരുപറഞ്ഞ് ആരാധനാലയങ്ങളിലെ ആന എഴുന്നള്ളത്ത് തടയാൻ നീക്കം നടത്തുന്നതായി ആക്ഷേപം. ചില സന്നദ്ധ സംഘടനകളും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

ആന എഴുന്നള്ളത്തിനെതിരെ നീക്കം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ആന സ്‌നേഹികളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടാന പരിപാലന നിയമം പാലിച്ചാണ് ക്ഷേത്രത്തിലുൾപ്പെടെ എഴുന്നള്ളത്തിനടക്കം ആനകളെ ഉപയോഗിക്കുന്നത്.രാജ്യത്ത് ഒരിടത്തും ഇല്ലാത്തവിധം ജില്ല വിട്ട് കൊണ്ടുപോകുവാൻ പാടില്ലെന്ന തരത്തിലുള്ള ഉത്തരവുകളാണ് നിയമത്തിന്റെ പേരിൽ വനം വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

പ്രമുഖ ക്ഷേത്രങ്ങളിലടക്കം മറ്റ് ജില്ലകളിൽ നിന്ന് തലയെടുപ്പുള്ള ആനകളെ എഴുന്നള്ളത്തിന് എത്തിക്കുന്നതിന് ഇത് തടസമാകുന്നുവെന്നാണ് പ്രധാന ആക്ഷേപം.
തൃശ്ശൂർ പൂരം,ആറാട്ടുപുഴ,ഉത്രാളിക്കാവ്,കൊല്ലം ആശ്രമം,പാർക്കാടി തുടങ്ങിയ പെരുമകേട്ട പൂരങ്ങൾക്കും ശബരിമല,ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ, വൈക്കത്തഷ്ടമി, ഏറ്റുമാനൂർ, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും കാലങ്ങളായി ആനകളെ എഴുന്നള്ളിച്ച് വരുന്നുണ്ട്.

ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഒരുസംഘടന നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി പരിഗണനയിലുള്ള വിഷയങ്ങളിൽ സാധാരണ നിലയിൽ സർക്കാർ ഇടപെടാറില്ല.

ആന എഴുന്നള്ളത്തിന് വനം വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്നാണ് മറ്റൊരു ഉത്തരവ്. രജിസ്റ്റർ ചെയ്യാനും എഴുന്നള്ളത്തിന് അനുമതി വാങ്ങാനും വനം വകുപ്പ് ഓഫീസിൽ ദിവസങ്ങളോളം കയറിയിറങ്ങണം. നിസാര കാരണം പറഞ്ഞ് അവസാന നിമിഷം അനുമതി നിഷേധിക്കുന്നതിനാൽ എഴുന്നള്ളത്ത് മുടങ്ങിയ നിരവധി സംഭവങ്ങൾ കഴിഞ്ഞ സീസണിൽ ഉണ്ടായിട്ടുണ്ട്.

ആനകളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ട് ഒരുവർഷത്തിലധികമായെങ്കിലും ഇതുവരെ ആന ഉടമകൾക്കോ ക്ഷേത്രങ്ങൾക്കോ വനംവകുപ്പ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല.