
രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം ; കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി ജോസ് കെ മാണി രാജ്യസഭയിലേക്ക് ; ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തീരുമാനം; സീറ്റ് കിട്ടാത്തതിൽ ആർജെഡിക്ക് കടുത്ത പ്രതിഷേധം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക.
അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു. രാജ്യസഭാ സീറ്റായിരുന്നു എൽഡിഎഫ് യോഗത്തിൻ്റെ മുഖ്യ അജണ്ട. ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു.
സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജൻ വിശദീകരിച്ചു.