play-sharp-fill
രാജു നാരായണസ്വാമിക്ക് വധഭീഷണി

രാജു നാരായണസ്വാമിക്ക് വധഭീഷണി


സ്വന്തം ലേഖകൻ

തൃശൂർ: കോടികളുടെ അഴിമതിയുടെ പേരിൽ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനും ബോർഡ് ചെയർമാനുമായ രാജു നാരായണസ്വാമിക്കു വധഭീഷണി. നാളികേര വികസന ബോർഡിന്റെ കീഴിൽ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കായി നീക്കിവച്ച തുക അർഹരായവർക്കു നൽകാതെ വകമാറ്റി ചെലവാക്കിയതിനെതിരേ സി.ബി.ഐക്കു കിട്ടിയ പരാതിയിൽ കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ചിലരുടെ പങ്ക് തുറന്നുകാട്ടി രാജു നാരായണസ്വാമി സമർപ്പിച്ച റിപ്പോർട്ടാണു ഭീഷണിക്കു കാരണം.


സി.ബി.ഐ. കാർഷിക മന്ത്രാലയത്തിനു കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോർഡ് ചെയർമാനായ രാജു നാരായണസ്വാമിയോടു അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തുകയും കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നാളികേരവികസന ബോർഡ് ബംഗളുരു റീജണൽ ഓഫീസ് ഡയറക്ടർ ഹേമചന്ദ്രയെ സസ്പെൻഡ് ചെയ്തിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ട്രാക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അനർഹർക്കു നൽകിയതു പിടിച്ചെടുത്ത് അർഹരായവർക്കു നൽകാൻ രാജു നാരായണസ്വാമി ഉത്തരവ് നൽകുകയും ചെയ്തിരുന്നു. അഴിമതികളെക്കുറിച്ചു സമഗ്രമായ അന്വേഷണം സി.ബി.ഐ. നടത്തണമെന്നു റിപ്പോർട്ടിൽ ചെയർമാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങിന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥരും പാർലമെന്റ് എം.പിയുടെ മരുമകൻകൂടിയായ ബോർഡിലെ ഒരുദ്യോഗസ്ഥനും അഴിമതിയിൽ കൂട്ടുപ്രതികളാണെന്നാണ് വിവരം. ഇവരാണു രാജു നാരാണസ്വാമിക്കെതിരേ വധഭീഷണി മുഴക്കിയത്. അദ്ദേഹത്തെ തൽസ്ഥാനത്തു നിന്ന് ഉടൻ സ്ഥലംമാറ്റുമെന്നും ഭീഷണിയുണ്ട്. സി.ബി.ഐ. അന്വേഷണം നിർദേശിക്കുന്ന ചെയർമാന്റെ റിപ്പോർട്ട് തള്ളാൻ കൃഷിമന്ത്രാലയം തീരുമാനമെടുത്തതായി അറിയുന്നു.
മൈസുരു ജില്ലയിൽപ്പെട്ട ഹുസ്നൂർ സ്വദേശിയായ ഹൊന്നപ്പ സി.ബി.ഐക്ക് നൽകിയ പരാതിയിലാണ് 2016 – 17 കാലത്ത് ഹേമചന്ദ്ര നടത്തിയ അഴിമതിയെക്കുറിച്ച് പറയുന്നത്. ബോർഡ് ഹെഡ് ക്വാർട്ടേഴ്സിലെ ഓഡിറ്റ് മേധാവി പി.ജെ. രാധ, ചെന്നൈ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എ. ജയപാണ്ഡി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ.