നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാൻ ആദ്യ ടോക്കണ്‍ കിട്ടിയില്ല; കളക്‌ട്രേറ്റില്‍  കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാൻ ആദ്യ ടോക്കണ്‍ കിട്ടിയില്ല; കളക്‌ട്രേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തർക്കം.

ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാതി.

ഒൻപത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നല്‍കാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്‌ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാദം വകവയ്ക്കാതെ കളക്‌ട്രേറ്റില്‍ രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയാണ്.. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാൻ ടോക്കണ്‍ അനുവദിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്‌ട്രേറ്റിലെത്തി കളക്‌ടറുടെ ഓഫീസിന് മുന്നില്‍ നിന്നു.

എന്നാല്‍ അതിന് മുൻപേയെത്തിയ അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. ടോക്കണ്‍ അനുവദിക്കുമ്പോള്‍ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസില്‍ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്.