
കാസർകോട്: മണ്ഡലം പ്രസിഡന്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനേല്‍പ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്ന് ഉണ്ണിത്താൻ പറഞ്ഞു. ചില വിദ്വാന്മാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും, പണം തട്ടിയെടുത്തവരെ അറിയാമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. ആരെയും വെറുതെ വിടില്ലെന്നും പണം തട്ടിയവർക്കെതിരെ നടപടിയെടുക്കുമെന്നും ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഉണ്ണിത്താൻ പറഞ്ഞു. പരിപാടിയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
എല്ലാവർക്കും കൊടുക്കേണ്ട ഫണ്ട് കൊടുത്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തിട്ടുണ്ട്, ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തു, യുഡിഎഫിന് ആവശ്യത്തിനുള്ള പൈസ കൊടുത്തു. ബൂത്തില്‍ കൊടുക്കാൻ തന്ന പൈസ ബൂത്തിനുള്ള പൈസയാണ്. അതൊന്നും എടുത്ത് മാറ്റാൻ നമ്മള്‍ ആരെയും അനുവദിക്കില്ലെന്നും പുറത്ത് വന്ന വീഡിയോയില്‍ ഉണ്ണിത്താൻ പറയുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാസർകോട് കോണ്‍ഗ്രസില്‍ നിരവധി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയർന്നിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് കൊണ്ട് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് നേതൃത്വത്തിന് തലവേദയായിരുന്നു.
ഒരു വിവാഹ സല്‍ക്കാരത്തില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാലകൃഷ്ണൻ എഫ്ബിയില്‍ വിമർശനം ഉന്നയിച്ചിരുന്നത്. ഉണ്ണിത്താനുവേണ്ടി താൻ പാർട്ടിയില്‍ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തില്‍ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ബാലകൃഷ്ണൻ ഈ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു.
ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാല്‍ താൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ കാസർകോട്ട് ജയിച്ചാല്‍ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.