ഉരുട്ടിക്കൊല ; രാജ്കുമാറിനെ ഇടിച്ചതിന്റെ പാടുകൾ പുറത്തറിയാതിരിക്കാൻ മസാജിങ് നടത്തി,മർദനം വിശ്രമമുറിയിൽ വച്ച് , പൊലീസുകാരന്റെ മൊഴി പുറത്ത്
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: മർദ്ദനം പുറത്തറിയാതിരിക്കാൻ രാജ്കുമാറിൻറെ മുറിവുകൾക്ക് മേൽ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പൊലീസുദ്യോഗസ്ഥൻറെ മൊഴി. സ്റ്റേഷന് മുന്നിലെ വിശ്രമ മുറിയിൽ വച്ചായിരുന്നു രാജ്കുമാറിനെ മർദ്ദിച്ചത്. ഇനിയും അറസ്റ്റിലാവാനുള്ള രണ്ട് പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാറി മാറിയാണ് മർദ്ദിച്ചത്. ഒടുവിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുംമുൻപ് ക്യാൻറീനിൽ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടുവന്ന് തിരുമ്മിയെന്നും ഇപ്പോൾ അറസ്റ്റിലായ സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആൻറണി മൊഴി നൽകി.
പൊലീസുകാർ മാറി മാറി മർദ്ദിച്ചു
സ്റ്റേഷന് മുന്നിലെ കെട്ടിടത്തിൽ വച്ചാണ് രാജ്കുമാറിനെ പൊലീസുകാർ മർദ്ദിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. പൊലീസുകാർ മാറി മാറി മർദ്ദിക്കുകയായിരുന്നെന്നും അറസ്റ്റിലായ സജീവ് ആൻറണി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു.
എണ്ണ ചൂടാക്കി തിരുമ്മി
ഗുരുതരമായി ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ രാജ്കുമാറിൻറെ മുറിവുകൾ മറയ്ക്കാൻ പൊലീസൂകാർ എണ്ണ കൊണ്ടുവന്ന് തിരുമ്മിയെന്നും സജീവ് ആൻറണി മൊഴി നൽകി. മർദ്ദനത്തിന് ശേഷം വൈദ്യപരിശോധനക്ക് കൊണ്ടു പോകും മുമ്പായിരുന്നു തിരുമ്മൽ. സ്റ്റേഷൻ ക്യാൻറീനിൽ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടു വന്ന് തിരുമ്മുകയായിരുന്നുവെന്നാണ് മൊഴി. ഗുരുതര പരിക്കേറ്റ ഒരാളുടെ ദേഹത്താണ് ഇങ്ങനെ എണ്ണ കൊണ്ടു വന്ന് തിരുമ്മിയത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റതാണ് രാജ്കുമാറിൻറെ മരണത്തിന് കാരണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്കുമാർ മരിച്ചത് കടുത്ത ന്യൂമോണിയ ബാധിച്ചാണ്. ഇതിന് വഴി വച്ചത് ക്രൂരമായ മർദ്ദന മുറകളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
മരണകാരണം ക്രൂരമർദ്ദനം
15-ാം തീയതി, കുറ്റസമ്മതത്തിനായി രാജ്കുമാറിനെ പ്രതികൾ വണ്ടിപ്പെരിയാർ അഞ്ചാം മൈലിൽ വച്ച്, പ്രതികൾ ക്രൂരമായി മർദ്ദിച്ചെന്നും ഇതിന് ദൃക്‌സാക്ഷികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഒന്നാം പ്രതിയായ എസ്‌ഐ ഇത് കണ്ട് നിന്നു. കൂട്ടുപ്രതികളായ പൊലീസുദ്യോഗസ്ഥർ ഇത്തരമൊരു കൃത്യം നടത്തുന്നത് കണ്ടിട്ടും എസ്‌ഐ തടയാൻ ശ്രമിച്ചില്ലെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.തട്ടിപ്പ് നടത്തിയ തുക കണ്ടെത്താനാണ് രാജ്കുമാറിനെ പ്രതികളായ പൊലീസുകാർ മർദ്ദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
Whatsapp Group 1 | Whatsapp Group 2 |Telegram Group
- കുറ്റസമ്മതമൊഴി കിട്ടാൻ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ദേഹോപദ്രവം ഏൽപ്പിച്ചു.
- ഇരുകാലുകളും ബലം പ്രയോഗിച്ച് പുറകിലേക്ക് വിടർത്തി പരിക്കേൽപിച്ചു
- കാൽവെള്ളയിൽ ബലമുള്ള ദണ്ഡ് വെച്ച് അതിശക്തമായി പ്രഹരിച്ചു
- പ്രാകൃത ശിക്ഷാ രീതികളാണ് രാജ്കുമാറിൻറെ ദേഹത്ത് നടപ്പാക്കിയത്
- ഇതേത്തുടർന്ന് ദേഹത്ത് പലയിടത്തും മുറിവുകളുണ്ടായി
- ആഴത്തിലുള്ള ചതവുകളും ഗുരുതരമായ പരിക്കുകളും ഉണ്ടായി
രാജ്കുമാറിൻറെ അറസ്റ്റ് നിയമപരമായിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിയെ പൊലീസുകാർ കസ്റ്റഡിയിൽ പാർപ്പിച്ചു. നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ, ഇരിക്കാനോ, കാലുകൾ അനക്കാനോ പറ്റാത്ത വിധം അവശനായപ്പോഴാണ് പ്രതിയെ 15-ാം തീയതി രാത്രി ഒമ്പതരയ്ക്ക് തെറ്റായ നടപടികളിലൂടെ, അറസ്റ്റ് രേഖപ്പെടുത്തുന്നത്. അന്ന് തന്നെ രാത്രി 12 മണിയോടെ രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് രാജ്കുമാറിനെ 16-ാം തീയതി, രാത്രി 9.30-യോടെയാണ് ഡിസ്ചാർജ് ചെയ്യുന്നത്. നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിൻറെ മുമ്പാകെ ഹാജരാക്കിയ രാജ്കുമാറിനെ പിന്നീട് റിമാൻഡ് ചെയ്യുകയും പീരുമേട് സബ്ജയിലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 17-ാം തീയതി മുതൽ ജയിലിലായിരുന്ന രാജ്കുമാർ പരിക്കുകൾ മൂലം അവശനായി എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. 17 മതുൽ എല്ലാ ദിവസവും രാജ്കുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. എന്നാൽ കഠിനമായ പരിക്കുകളേറ്റ രാജ്കുമാറിൻറെ നില വഷളാവുകയായിരുന്നു.കാൽതുടയിലും, കാൽവെള്ളയിലും ആഴത്തിൽ ചതവുണ്ടായി. ശരീരത്തിനകത്ത് കടുത്ത പരിക്കുകളുണ്ടായ രാജ്കുമാറിന് ന്യൂമോണിയ ഉണ്ടായി. ഇതാണ് മരണത്തിനിടയാക്കിയതെന്നും, ഇതിന് കാരണം സ്റ്റേഷനിലെ ക്രൂരമർദ്ദനമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഷനിലെ ചട്ടലംഘനം
രാജ്കുമാറിനെ 15-ാം തീയതി തൂക്കുപാലത്ത് നിന്ന് അറസ്റ്റ് ചെയ്‌തെന്നും 16-ാം തീയതി കോടതിക്ക് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തെന്നുമാണ് സ്റ്റേഷൻ രേഖ. ഇത് തെറ്റാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ജൂൺ 12 മുതൽ 16 വരെ അനധികൃതമായി കസ്റ്റഡിയിൽ വച്ചത്.
13-ന് രാജ്കുമാറിന് സ്റ്റേഷൻ ജാമ്യം നൽകിയെന്ന് പൊലീസുകാർ വ്യാജരേഖയുണ്ടാക്കി. ജനറൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോ റൈറ്ററോ കസ്റ്റഡി വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. തെളിവുകൾ കിട്ടാതിരിക്കാനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്ക്കുകയും രേഖകൾ തിരുത്തുകയും ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
എസ്‌ഐയും റിമാൻഡിൽ
ഇന്നലെ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ കുഴഞ്ഞു വീണ എസ് ഐ കെ എ സാബുവിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയാരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള എസ്‌ഐയെ വൈകിട്ടോടെ ജയിലിലേക്ക് മാറ്റും. ജനറൽ മെഡിസിൻ വിഭാഗത്തിൽ പരിശോധിപ്പിച്ച ശേഷം ഉച്ച തിരിഞ്ഞ് എസ്‌ഐ സാബുവിനെ ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷം ക്രൈംബ്രാഞ്ച് എസ്‌ഐയെ ചോദ്യം ചെയ്യും.