പുനീത് രാജ് കുമാറിൻ്റെ വിയോഗത്തിലും ചര്‍ച്ചയായി രാജ്കുമാറിൻ്റെ തട്ടിക്കൊണ്ടുപോകല്‍; വീരപ്പൻ്റെ കടുംകൈയില്‍ വിമര്‍ശന ശരമേറ്റ കരുണാനിധി സര്‍ക്കാര്‍; മോചനം 108 ദിവസത്തെ ‘വനവാസത്തിനൊടുവില്‍’; മോചനദ്രവ്യം ഇന്നും അജ്ഞാതം; ഒരിക്കലും സാക്ഷി പറയാതെ പുനീത് രാജ്കുമാറും കുടുംബവും
സ്വന്തം ലേഖിക
ബംഗളുരു: അപ്രതീക്ഷിതമായി പുനീത് രാജ് കുമാറിൻ്റെ വിയോഗ വാര്‍ത്ത നാടിനെ ഒന്നാകെ കണ്ണീരിലാഴ്‌ത്തുമ്പോള്‍ രാജ്യത്തെയാകെ ഞെട്ടിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിൻ്റെ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും ചര്‍ച്ചയാകുന്നു.
2000, ജൂലായ് 30-ാം തീയതിയാണ് നടന്‍ രാജ്കുമാര്‍, മരുമകന്‍ ഗോവിന്ദ് രാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ ഈറോഡ് ഗജനൂരില്‍ നിന്നാണ് വീരപ്പനും സംഘവും രാജ്കുമാറിനെ ഉള്‍വനത്തിലേക്ക് കടത്തിക്കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീരപ്പന് തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മകന്‍ പുനീത് രാജ്കുമാറും കുടുംബവും കടന്നുപോയത് ആശങ്കയും ദുഃഖവും നിറഞ്ഞ ദിവസങ്ങളിലൂടെയാണ്. അശ്വിനി രേവനാഥുമായുള്ള പുനിതീന്റെ വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങള്‍ തികയുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കുടുംബത്തെ കടുത്ത ദുഃഖത്തിലാഴ്‌ത്തുന്ന സംഭവം അരങ്ങേറിയത്. ജീവിതത്തില്‍ പിന്നീടൊരിക്കലും പുനീതും കുടുംബവും ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിവസങ്ങളാണ് അന്ന് കടന്നുപോയത്.
വിവരം പുറത്തറിഞ്ഞതോടെ രാജ്യത്തിൻ്റെ ശ്രദ്ധയൊന്നാകെ തമിഴ്‌നാട്ടിലേക്കായി. രാജ്കുമാറിൻ്റെ മോചനം നീണ്ടുപോയതോടെ സുപ്രീം കോടതി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടു. കരുണാനിധി സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വീരപ്പനില്‍ നിന്ന് രാജ്കുമാറിന് നേരത്തെ ഭീഷണിയുണ്ടായിട്ടും ഗജനൂരിലെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്താതിരുന്നത് തമിഴ്‌നാട് സര്‍ക്കാരിൻ്റെ വീഴ്ചയാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയാത്ത വീഴ്ചയാണിതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
1999-ല്‍ തന്നെ വീരപ്പനെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്നാണ് രാജ്കുമാറിനെ വീരപ്പന്‍ നോട്ടമിട്ടതായുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെ 2000 ജൂലായില്‍ രാജ്കുമാറിനെ വീരപ്പനും സംഘവും നടനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാജ്കുമാറിനെ വീരപ്പന്‍ ലക്ഷ്യമിട്ടതായുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അന്ന് പറഞ്ഞത്.
രാജ്കുമാറിൻ്റെ മോചനം നീണ്ടതോടെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. നടന്റെ ആരാധകര്‍ വന്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ഇതോടെ പ്രത്യേക ദൂതന്മാര്‍ വഴി സര്‍ക്കാര്‍ വീരപ്പനുമായി ചര്‍ച്ചകള്‍ നടത്തി. നക്കീരന്‍ മാഗസിന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്കുമാറിൻ്റെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരായത്. ഈ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല.
രാജ്കുമാറിന്റെ തടങ്കല്‍ജീവിതം ദിവസങ്ങള്‍ നീണ്ടുപോയതോടെ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും നിരാശരായി. ഒടുവില്‍ തട്ടിക്കൊണ്ടുപോയി 108 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. എന്നാല്‍ എങ്ങനെയാണ് നടൻ്റെ മോചനം സാധ്യമായതെന്ന കാര്യം ഇന്നും നിഗൂഢമായി തുടരുകയാണ്. കോടിക്കണക്കിന് രൂപ വീരപ്പന് മോചനദ്രവ്യമായി നല്‍കിയെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണമില്ല. രാജ്കുമാറിന്റെ കുടുംബവും ഇതെല്ലാം നിഷേധിച്ചിരുന്നു.
രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചെങ്കിലും തട്ടിക്കൊണ്ടുപോയ കേസ് നിലനിന്നിരുന്നു. തമിഴ്‌നാട്ടിലെ കോടതിയില്‍ ഈ കേസിൻ്റെ വിചാരണ വര്‍ഷങ്ങളോളം നടക്കുകയും ചെയ്തു. എന്നാല്‍ രാജ്കുമാറിൻ്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍പോലും ഈ കേസില്‍ സാക്ഷി പറയാനായി കോടതിയില്‍ എത്തിയില്ല. രാജ്കുമാറിൻ്റെ കുടുംബത്തിൻ്റെ കൂട്ടായ തീരുമാനമായിരുന്നു അത്. ഒടുവില്‍ 2018 സെപ്റ്റംബറില്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമ്ബത് പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തു.
രാജ്കുമാറിൻ്റെ കുടുംബം സാക്ഷിപറയാതിരുന്നതാണ് പ്രതികളെ വെറുതെ വിടാനിടയായ കാരണങ്ങളിലൊന്ന്. അതേസമയം, കേസിന്റെ വിചാരണയ്ക്കിടെ രാജ്കുമാറിൻ്റെയും വീരപ്പൻ്റെയും വിയോഗത്തിനും രാജ്യം സാക്ഷിയായി. 2004-ല്‍ പ്രത്യേക അന്വേഷണസംഘം വീരപ്പനെ ഏറ്റുമുട്ടലില്‍ വധിക്കുകയായിരരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2006-ല്‍ രാജ്കുമാറും അന്തരിച്ചു. ഇപ്പോൾ പുനീത് രാജ്കുമാറിൻ്റെ വിയോഗ വേളയിലും പഴയ കാര്യങ്ങളാണ് ചർച്ചയാകുന്നത്.
മാതാപിതാക്കളായ ഡോ. രാജ്കുമാറിൻ്റെയും പര്‍വ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിൻ്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച് കണ്‍ഡീരവ സ്റ്റേഡിയവും. കര്‍ണ്ണാടകയില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.