രാജ് കുമാറിനെ ഇടിച്ച് കൊന്നതു തന്നെ ; കസ്റ്റഡി മരണം സ്ഥിരീകരിച്ച് ക്രൈബ്രാഞ്ച്
സ്വന്തം ലേഖിക
ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷൻ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസിൽ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.ഇതിനിടെ, സംഭവത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടർമാരുടെ മൊഴി എടുക്കും.രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. ജൂൺ 19 ന് രാജ്കുമാറിൻറെ പേര് മെഡിക്കൽ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാർ മർദ്ദിച്ചെന്ന് മരിച്ച രാജ്കുമാർ പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വെളിപ്പെടുത്തുന്നു. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ ജൂൺ 21നാണ് മരിച്ചത്. രാജ്കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. ഇന്നലെ സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയാക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.