play-sharp-fill
രാജിവെച്ച എം.എൽ.എമാർക്ക് സുപ്രീം കോടതിയുടെ തിരിച്ചടി

രാജിവെച്ച എം.എൽ.എമാർക്ക് സുപ്രീം കോടതിയുടെ തിരിച്ചടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് – ജെ.ഡി.എസ് സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജിവച്ച എം.എൽ.എമാർക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ഇവരുടെ രാജിക്കാര്യത്തിലും അയോഗ്യത കൽപ്പിക്കുന്നതിലും സ്പീക്കറോട് നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് ചില പരിമിതികളുണ്ട്. സ്പീക്കർ ഭരണഘടനാ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ മാത്രമേ കോടതിക്ക് അധികാരമുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിമതർ കോടതിയെ സമീപിച്ചത്.

തങ്ങളുടെ രാജി സ്പീക്കർ ഉടൻ സ്വീകരിക്കണമെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് തങ്ങളെ നിർബന്ധിക്കാൻ സ്പീക്കർക്ക് ആകില്ലെന്നും വിമതർക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയിൽ വാദിച്ചു. രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർ മനപൂർവ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ നിർബന്ധിക്കാൻ ആർക്കെങ്കിലും കഴിയുമോ? ഒരു പ്രത്യേക ഗ്രൂപ്പിൽ തുടരാനും സംസാരിക്കാനും സ്പീക്കർ ഞങ്ങളെ നിർബന്ധിപ്പിക്കുന്നു. എന്നാൽ തങ്ങൾ അതിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും റോത്തഗി കോടതിയിൽ പറഞ്ഞു. എന്നാൽ രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ തനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു സ്പീക്കറുടെ വാദം. ഇക്കാര്യത്തിൽ തന്റെ അധികാരം കോടതി മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായ പ്രശ്‌നങ്ങളുള്ള വിഷയത്തിൽ തനിക്ക് ധൃതിപിടിച്ച് തീരുമാനമെടുക്കാൻ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച് സ്പീക്കർ കെ.ആർ. രമേശ് കുമാർ പ്രത്യേക ഹർജിയും നൽകിയിരുന്നു.
അതേസമയം, രാജി സ്വീകരിക്കണമെന്നോ അരുതെന്നോ നിർദ്ദേശിക്കാൻ നിയമനിർമ്മാണ സഭയ്ക്കു മേൽ സുപ്രീം കോടതിക്കും അധികാരമില്ലെന്ന് വ്യക്തമായതോടെ കർണാടക രാഷ്ട്രീയം ഏതാണ്ട് ക്ലൈമാക്സിലേക്ക് അടുക്കുന്നുവെന്ന് വ്യക്തമായി. അയോഗ്യതാ സമ്മർദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചില്ല. രാജിവച്ചവരെ മാറ്റിനിറുത്തിയാൽ ഭരണപക്ഷത്ത് അംഗബലം നൂറും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ബി.ജെ.പിയുടെ ബലം നൂറ്റിയേഴുമാകും. ഇതോടെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ താഴെ വീഴുമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group