കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ അനധികൃത ഇടപാടുകളും, വാടക കൊള്ളയും തുറന്നെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനു ജോസ്‌കോ ജുവലറിയുടെ വക്കീൽ നോട്ടീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ, അനധികൃത ഇടപാടുകളും, വാടകകൊള്ളയും സംബന്ധിച്ചു തുറന്നെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനു ജോസ്‌കോ ജുവലറിയുടെ വക്കീൽ നോട്ടീസ്. തേർഡ് ഐ ന്യൂസ് ലൈവ് എഴുതിയ വാർത്തകൾ പിൻവലിച്ച് മാപ്പു പറയണമെന്നും, 5 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ടാണ് ജോസ്‌കോ ജുവലറി ഗ്രൂപ്പ് തേർഡ് ഐ ന്യൂസ് ലൈവിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ.ജോഗി സ്‌കറിയായാണ് ജോസ്‌കോ ജുവലറിയ്ക്കു വേണ്ടി തേർഡ് ഐ ന്യൂസ് ലൈവിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. ജോസ്‌കോ ജുവലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിനു നഗരസഭയിൽ ജോസ്‌കോ നല്കുന്ന വാടക സ്ക്വയർ ഫീറ്റിന് 18 രൂപ മാത്രമാണെന്ന് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം നഗരസഭ തന്നെ തന്നിട്ടുള്ള മറുപടിയുടെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള വക്കീൽ നോട്ടീസ് ജോസ്‌കോ ജുവലറി ഗ്രൂപ്പ് അയച്ചിരിക്കുന്നത്.
കോട്ടയം നഗരസഭയ്ക്കു വാടകയിനത്തിൽ കോടികൾ നഷ്ടമുണ്ടാക്കിയ ജോസ്‌കോ ജൂവലറി ഗ്രൂപ്പിൽ നിന്നും, ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടമുണ്ടായ കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകുന്നത്. ഇത് സംബന്ധിച്ച് വിജിലൻസിലും പരാതി നല്കിയിട്ടുണ്ട്.
രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പല മുറികൾക്കും പല നിരക്കുകളാണ് വാടകയായി ഈടാക്കുന്നതെന്നും, മുറികൾ അനധികൃതമായി ജോസ്കോ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുകയാണെന്നും തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങളാണ് തേർഡ് ഐ വാർത്തയാക്കിയത്. ഇതാണ് ജോസ്‌കോ ജൂവലറിയുടെ ദേഷ്യത്തിനു കാരണമായിരിക്കുന്നത്. മതിയായ കാരണങ്ങളൊന്നും കണ്ടെത്താനാവാതെ വന്നതോടെയാണ് സുപ്രീം കോടതി വക്കീലിനെ കൊണ്ട് നോട്ടീസ് അയപ്പിച്ച് തേർഡ് ഐ ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്താൻ ജോസ്‌കോ ഇപ്പോൾ ശ്രമിക്കുന്നത്.
എന്നാൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും, രാജീവ് ഗാന്ധി കോംപ്ലക്സിലെ മുഴുവൻ അഴിമതിയും വെളിച്ചത്തു കൊണ്ടുവരുമെന്നും തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ പറഞ്ഞു.