രാജീവ് ഗാന്ധി കോംപ്ലക്സ് നക്കാപിച്ച വാടകയ്ക്ക് ജോസ്കോയ്ക്ക് നല്കി കോടിക്കണക്കിന് രൂപ നഗരസഭക്ക് നഷ്ടം വരുത്തിയ സെക്രട്ടറിമാർ കുടുങ്ങും; കെട്ടിടം പുനർലേലം ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത്
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലെ രാജീവ് ഗാന്ധി് കോംപ്ലക്‌സിനു ജോസ്‌കോ നൽകുന്ന, വാടക സ്ക്വയർ ഫീറ്റിന് 20 രൂപ മാത്രം. ഇതേ കെട്ടിടത്തിൽ ചന്ദ്രൻ എന്നയാൾ ലേലത്തിലെടുത്ത പത്താം നമ്പർ മുറിക്ക് 90 രൂപ നിരക്കിൽ വാടക നൽകുമ്പോഴാണ് ബാക്കിയുള്ള 14 മുറികൾക്ക്, കൃത്യമായി പറഞ്ഞാൽ 9912 സ്ക്വയർ ഫീറ്റ് കൈവശത്തിലുള്ള ജോസ്‌കോ ജുവലറി ഗ്രൂപ്പ് സ്ക്വയർ ഫീറ്റിന് 20 രൂപ നിരക്കിൽ മാത്രമാണ് വാടക നൽകുന്നത്. നിലവിൽ പത്താം നമ്പർ മുറിയും ജോസ്കോയുടെ കൈവശത്തിലാണ്. തൊട്ടടുത്തുള്ള ഊട്ടി ലോഡ്ജിലെ മുറികൾ 110 രൂപ വാടക നിരക്കിലാണ് കഴിഞ്ഞ മാസം നഗരസഭ ലേലം നടത്തിയത്.
രാജീവ് ഗാന്ധി കോംപ്ലക്സ് പുനർ ലേലം ചെയ്യുകയോ, പത്താം നമ്പർ മുറിക്ക് തത്തുല്യമായ വാടക ബാക്കി 14 മുറികൾക്കും ഈടാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഏ കെ ശ്രീകുമാർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്കി. ഇതിലൂടെ 9 ലക്ഷം രൂപ പ്രതിമാസം അധിക വരുമാനം നഗരസഭക്ക് ലഭിക്കും. അടിയന്തിരമായി കോംപ്ലക്സിന് മുകളിൽ നിലകൾ പണിയണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിൻമേൽ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം 20 വർഷത്തോളം കോട്ടയം നഗരസഭയിൽ ജോലി ചെയ്ത സെക്രട്ടറിമാരേയും, ഈ കാലയളവിലെ ധനകാര്യ സ്റ്റാൻഡിംഗ് കൗൺസിൽ അധ്യക്ഷൻമാരേയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥൻമാരേയും പ്രതികളാക്കി കേസ് ഫയൽ ചെയ്യുമെന്നും ശ്രീകുമാർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വർഷാവർഷം പരിശോധിച്ച് റിപ്പോർട്ട് നല്കണമെന്ന് ചട്ടമിരിക്കേ രാജീവ് ഗാന്ധി കോംപ്ലക്സിൽ പരിശോധന നടത്താറേയില്ല, 15 മുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിലെ ഇടഭിത്തി പൊളിച്ച് ഒറ്റ ഹാളാക്കി മാറ്റിയതും നഗരസഭ അറിഞ്ഞിട്ടില്ല. രാജീവ് ഗാന്ധി കോംപ്ലക്സിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് ചെവിയും കേൾക്കില്ല, കണ്ണും കാണില്ല. വെടിവെച്ചാൽ പുകയാണെന്ന് ആരോ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ
ഒന്നാം നമ്പർ മുറിയ്ക്ക് 17480 രൂപയും, രണ്ടാം നമ്പർ മുറിയ്ക്ക് 13985 രൂപയും, മൂന്നാം നമ്പർ മുറിയ്ക്ക് 13983 രൂപയും, നാലാം നമ്പർ മുറിയ്ക്ക് 6717 രൂപയും, അഞ്ചാം നമ്പർ മുറിയ്ക്ക് 6839 രൂപയും, ആറാം നമ്പർ മുറിയ്ക്ക് 6151 രൂപയും, ഏഴാം നമ്പർ മുറിയ്ക്ക് 5413 രൂപയും, എട്ടാം നമ്പർ മുറിയ്ക്ക് 5413 രൂപയും, ഒൻപതാം നമ്പർ മുറിയ്ക്ക് 6230 രൂപയും, പത്താം നമ്പർ മുറിയ്ക്ക് (ചന്ദ്രൻ്റെ മുറി) 51633 രൂപയും, 11 ആം നമ്പർ മുറിയ്ക്ക് 10039 രൂപയും, 12 ആം നമ്പർ മുറിയ്ക്ക് 10039 രൂപയും, 13 ആം നമ്പർ മുറിയ്ക്ക് 12550 രൂപയും, ഹാൾ ഒന്നിന് 43755 രൂപയും, ഹാൾ രണ്ടിന് 26523 രൂപയുമാണ് വാടക.
നഗരമധ്യത്തിലെ ഏറ്റവും കണ്ണായ സ്ഥലത്തുള്ള കെട്ടിടത്തിനാണ് തുച്ഛമായ വാടക നഗരസഭ ഈടാക്കുന്നത്. അനധികൃതമായി രാജീവ് ഗാന്ധി കോംപ്ലക്സിലെ മുറികൾ ജോസ്കോ ഉടമയുടെ പേരിലാക്കുന്നതിന് വഴിവിട്ട ഇടപാടുകൾ നടത്തിയ കൗൺസിലർ പിന്നീട് ജോസ്കോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുകയായിരുന്നു. നിരവധി അനധികൃത ഇടപാടുകളാണ് പിന്നീട് ഇങ്ങോട്ട് നടന്നത്, ഇതിൻ്റെ പിന്നിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി അടുത്ത ദിവസം പുറത്തുവിടും
തുടരും