
തിരുവനന്തപുരം: കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നമുക്ക് കൃഷി വേണ്ടെന്നും കാർഷികോൽപ്പന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താൽ പോരേ എന്നും ചോദിച്ച മന്ത്രിമാരും അവരുടെ നയങ്ങളുമാണ് കേരളം ഇന്ന് നേരിടുന്ന വലിയ വിലക്കയറ്റത്തിന് കാരണമെന്നും സംയുക്ത കർഷകവേദി സെക്രടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കവേ ബിജെപി അധ്യക്ഷൻ വിശദീകരിച്ചു.
വർഷങ്ങളായി മാറിമാറി ഭരിച്ച സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുകയാണ്. കഴിഞ്ഞ 11 വർഷം മോദി സർക്കാർ ചെയ്ത കർഷക ക്ഷേമ പദ്ധതികൾ വഴി സിപിഎമ്മും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കി രാജ്യത്ത് എല്ലായിടത്തും കർഷകരുടെ ജീവിതനിലവാരം ഉയർന്നു. ഈ രണ്ട് പാർട്ടികളും കർഷകർക്ക് എതിരായ നിലപാടുകളും നയവും ആണ് എപ്പോഴും സ്വീകരിക്കുന്നത് കേന്ദ്ര പദ്ധതികൾ പോലും ഇവർ നടപ്പിലാക്കുന്നില്ല.
ഭക്ഷ്യധാന്യം മിച്ചം ഉണ്ടായിരുന്ന കേരളം ഇപ്പോൾ ഇറക്കുമതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തി. ഓണത്തിന് വിതരണം ചെയ്ത മുഴുവൻ ഭക്ഷ്യധാന്യവും കേന്ദ്രം നൽകിയതാണ്. ഇതിലൊന്നും ബിജെപി രാഷ്ട്രീയം പറയുകയല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസിത കേരളം എന്നത് ബിജെപിയുടെ മുദ്രാവാക്യമല്ല, കാഴ്ചപ്പാടാണ്. കർഷകത്തൊഴിലാളികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ക്ഷേമം ലഭിക്കുന്ന, അവസരങ്ങൾ ലഭിക്കുന്ന, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വികസനമാണ് ബിജെപിയുടെ ലക്ഷ്യം.
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കർഷകർക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ വലിയ ഉദാഹരണമാണ് അമേരിക്കയോട് ഇന്ത്യ സ്വീകരിച്ച നിലപാട്. കർഷകരുടെ താല്പര്യങ്ങൾക്കാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ കർഷക താൽപര്യം ഉയർത്തിപ്പിടിച്ചു എന്നതാണ് ബിജെപിക്ക് കർഷകരോടുള്ള നിലപാട്.
കൃഷി ചെയ്യേണ്ട, ഇറക്കുമതി ചെയ്താൽ മതി എന്ന് പറഞ്ഞ മന്ത്രിയുള്ള നാടാണ് കേരളം. കർഷകരെ ദ്രോഹിച്ച് കൃഷി വേണ്ടെന്ന് വെക്കുന്നു. അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള നാടായി കേരളം മാറിയത്. കർഷകരെ ദ്രോഹിച്ചാൽ അതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടിവരും.
കർഷകർക്ക് നെല്ലിന്റെ പണത്തിനു പകരം വായ്പ നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. കേന്ദ്രസർക്കാർ കൃത്യമായി പറയുന്നുണ്ട്, നെല്ല് ഏറ്റെടുത്ത 48 മണിക്കൂറിനകം അതിന്റെ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തണമെന്ന കാര്യം. എന്നാൽ കേരളത്തിൽ മാത്രം സർക്കാരിന്റെ കഴിവില്ലായ്മ കാരണം അത് പാലിക്കപ്പെടുന്നില്ല.
ഞങ്ങൾ വികസനത്തെ പറ്റി പറയുമ്പോൾ സർക്കാർ ഖജനാവിലെ കാശുമുടക്കി പഞ്ചായത്ത് തലത്തിൽ വികസന സഭകൾ നടത്തുന്നു. തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ജനങ്ങളെ വിഡ്ഢികളാക്കാൻ ഇത്തരം പല സഭകളും സർക്കാർ സംഘടിപ്പിക്കും. തദ്ദേശ വകുപ്പിലെ 44, 360 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത്. ആദ്യം അത് പരിഹരിക്കൂ.
കഴിവില്ലായ്മയുടെ രാഷ്ട്രീയം മാറി വികസനത്തിന്റെ രാഷ്ട്രീയം വരണം. എങ്കിൽ മാത്രമേ കേരളത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.