
ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന ആറ് വയസുകാരൻ മരിച്ചു. ചുരു സ്വദേശിയായ അനസ് ആണ് മരിച്ചത്. ജയ്‌പൂരിലെ ജെകെ ലോൺ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുഞ്ഞിന് വീട്ടിൽ വച്ച് ചുമയ്ക്കുള്ള മരുന്ന് നൽകിയിരുന്നതായും ഇതാണോ മരണകാരണമെന്ന് സംശയിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു. മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 4 മണിക്കാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ രാവിലെ 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മസ്‌തിഷ്‌ക ജ്വരമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലുമായി ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണം പുറത്തുവന്നത്. ഇതോടെയാണ് അനസിൻ്റെ കുടുംബവും മകന് ചുമ മരുന്ന് നൽകിയിരുന്നതായി വ്യക്തമാക്കിയത്.
രാജസ്ഥാനിലെ ഭരത്പൂറിലും സിക്കാറിലും രണ്ട് മരണങ്ങളാണ് ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് റിപ്പോർട്ട് ചെയ്‌തത്. സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ മരുന്ന് പദ്ധതിയുടെ കീഴിൽ ഇവർക്ക് ചുമ മരുന്ന് നൽകിയതായി ആരോപണം ഉയർന്നുണ്ട്. അതേസമയം രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ നിന്ന് വിതരണം ചെയ്ത ചുമ മരുന്ന് വിഷലിപ്തമല്ലെന്നാണ് അധികൃതരുടെ വാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group