
തിരുവനന്തപുരം: പത്തനംതിട്ടയിലെ ളാഹയിൽ വീശിയത് മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ്.
കോട്ടയത്ത് വീശിയത് 52 കിലോമീറ്റർ വേഗത്തിലും. കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ശക്തമായ കാറ്റുണ്ടായി. സ്ഥലങ്ങളും കാറ്റിന്റെ വേഗവും: വെള്ളാനിക്കര ( 57 കിലോമീറ്റർ), പാണത്തൂർ (56), ചെറുതോണി (52), പെരിങ്ങോം (50), കുമരകം (44), വടകര (43), റാന്നി (48).
കോട്ടയത്ത് കാറ്റിൽ വ്യാപക നാശനഷ്‌ടം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നലെ മുതൽ 27 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തിയും, ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദവും സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷ, ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 25 മുതൽ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയിൽ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി. കുമരകം– ചേർത്തല റോഡിൽ ബോട്ട് ജെട്ടി പാലത്തിനു സമീപവും ഏറ്റുമാനൂർ– എറണാകുളം റോഡിൽ കാണക്കാരിയിലും മരം വീണു റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത ഇടച്ചോറ്റിയിൽ മരം വീണ് കാഞ്ഞിരപ്പള്ളി ഭാഗത്തും ഗതാഗത തടസ്സമുണ്ടായി. എരുമേലി– റാന്നി വനമേഖല റോഡിലും മരം വീണു.
പത്തനംതിട്ടയിലുണ്ടായ കാറ്റിലും മഴയിലും റാന്നി മേഖലയിൽ വ്യാപക നാശമുണ്ടായി. നൂറോളം സ്ഥലങ്ങളിൽ വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശം നേരിട്ടു. വൈദ്യുതി വിതരണം മുടങ്ങി. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് ഡിപ്പോപടിയിൽ മരം വീണ് വൈദ്യുതി തൂൺ തകർന്നു. അങ്ങാടി പേട്ട എസ്ബിഐക്കു മുന്നിൽ 2 മരങ്ങൾ വീണ് വൈദ്യുതി ലൈൻ, തൂണുകൾ, കാർ, സ്കൂട്ടർ എന്നിവയ്ക്കു നാശം നേരിട്ടു. പ്രമാടം, കുമ്പഴ, അഴൂർ എന്നിവിടങ്ങളിൽ വ്യാപകമായ നാശം ഉണ്ടായി. പ്രമാടം തകിടിയിൽമുക്ക് പാറയിൽ അടിമുറിയിൽ മുരളിയുടെ വീടിനു മുകളിലേക്ക് തേക്കുമരം പിഴുതു വീണ് ശുചിമുറി, വിറകു പുര എന്നിവ തകർന്നു.