തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
ബീച്ചുകളും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. കോഴിക്കോട്ടെ നദീ തീരങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലകളിലേക്കും ചുരം മേഖലയിലേക്കും രാത്രികാല യാത്രാ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വാറികളുടെ പ്രവർത്തനം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിർത്തിവക്കണമെന്നും അധികൃതരുടെ നിർദ്ദേശമുണ്ട്. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളില്‍ ഈ മാസം 27 വരെയാണ് ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിലവില്‍ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ജില്ലാ ഭരണകൂടം നിർദ്ദേശം നല്‍കിയിട്ടുണ്ട്.