മഴ തുടങ്ങി, റോഡുകളിൽ അപകടം പെരുമഴയും : രണ്ട് അപകടങ്ങളിൽ പാലായിൽ മരിച്ചത് രണ്ടു പേർ : നെല്ലിയാനിയിലും പൊൻകുന്നം റോഡിലും അപകടം

മഴ തുടങ്ങി, റോഡുകളിൽ അപകടം പെരുമഴയും : രണ്ട് അപകടങ്ങളിൽ പാലായിൽ മരിച്ചത് രണ്ടു പേർ : നെല്ലിയാനിയിലും പൊൻകുന്നം റോഡിലും അപകടം

സ്വന്തം ലേഖകൻ

കോട്ടയം: മഴ തുടങ്ങിയതോടെ ജില്ലയിലെ റോഡുകളിൽ അപകട പെരുമഴ. തിങ്കളാഴ്ച മാത്രം കോട്ടയം പാലായിൽ രണ്ട് അപകടങ്ങളിലായി രണ്ടു പേരാണ് മരിച്ചത്. പാലാ നെല്ലിയാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറക്ഷ മറിഞ് പാലാ ചെത്തിമറ്റം സ്വദേശി കണിശ്ശേരിയിൽ ജസ്റ്റിൻ (38 ) ആണ് മരിച്ചത്.

രാവിലെ പൊൻകുന്നം റോഡിൽ ഉണ്ടായ അപകടത്തിൽ കെട്ടിട നിർമാണ തൊഴിലാളിയായ വിളക്കുമാടം ചാത്തൻ കുളം സ്വദേശി കരിമ്പേക്കല്ലിൽ അജി (43)യും മരിച്ചിരുന്നു. മഴ കനത്തതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടരയോടെ പൊൻകുന്നം – പാലാ റോഡിലായിരുന്നു ആദ്യ അപകടം. സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരനായ അജി മരിച്ചത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു അജി. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ അജിയുടെ ബൈക്കിൽ ഇടിച്ചു.

റോഡിൽ തല ഇടിച്ച് വീണ അജി തല്ക്ഷണം മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പാലാ നെല്ലിയാനി – ഇടനാട് റൂട്ടിൽ ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ ചെത്തിമറ്റം സ്വദേശി കണിശ്ശേരിയിൽ ജസ്റ്റിൻ ആണ് മരിച്ചത്. നെല്ലിയാനി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിൽ രക്തം വാർന്ന് കിടന്നതിന് ശേഷമാണ് അശുപത്രിയിലെത്തിച്ചത്. അപകടത്തിന് ശേഷം ആദ്യം ഇത് വഴി വന്ന വാഹനം നിർത്തിയിരുന്നില്ല.

പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രക്തം വാർന്ന് ജസ്റ്റിൻ മരിച്ചു. ഓട്ടോ ഡ്രൈവറാണ് ജസ്റ്റിൻ. ഇടനാട് ഭാഗത്തേക്ക് ഓട്ടം പോവുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുകളിൽ പ്ലൈവുഡ് കെട്ടി വച്ചിട്ടുണ്ടായിരുന്നു. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.