play-sharp-fill
മഴ; വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

മഴ; വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകൻ

കോട്ടയം : മഴ ശക്തമായി തുടരുകയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കുക. ക്വാറന്‍റയിനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. ഇവ ഉള്‍പ്പെടെയുള്ള ക്യാമ്പുകളുടെ ക്രമീകരണത്തില്‍ സാമൂഹിക അകലവും മറ്റ് കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിഞ്ഞും മരം വീണുമുണ്ടായ ഗതാഗത തടസവും വീടുകള്‍ക്കു മുകളില്‍ വീണ മരങ്ങളും റവന്യു, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.

കോട്ടയം നഗരത്തില്‍ ഓടകള്‍ അടഞ്ഞതിനത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ലാ കളക്ടറും മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്‍. സോനയും ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.