
കനത്ത മഴ കളക്ടർ അറിഞ്ഞത് എട്ടു മണി കഴിഞ്ഞ് ; എറണാകുളത്ത് കളക്ടർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് രാവിലെ എട്ടരയോടെ; കുട്ടികൾ സ്‌കൂളിൽ പോയ ശേഷം അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടർ രേണു രാജിന്റെ അവധി പ്രഖ്യാപനം വിവാദത്തിൽ
സ്വന്തം ലേഖിക
കൊച്ചി: കുട്ടികൾ സ്‌കൂളിൽ പോയ ശേഷം അവധി പ്രഖ്യാപിച്ച് കളക്ടർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ എത്തിയ ശേഷമായിരുന്നു കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇത് ഏറെ വിവാദമായിട്ടുണ്ട്. രക്ഷകർത്താക്കൾ പ്രതിഷേധത്തിലാണ്. എട്ടരയോടെയാണ് അവധി പ്രഖ്യാപിച്ചത്. കളക്ടറുടെ ഫെയ്‌സ് ബുക്ക് പേജിൽ വിമർശനം ഉയരുന്നുണ്ട്.
ആകാശം നോക്കിയാൽ പോലും നല്ല മഴ പെയ്യുമെന്ന് ഇന്നലെ തന്നെ ഏവർക്കും അറിയാം. എന്നിട്ടും കളക്ടർക്ക് ഇത് അറിയാൻ കഴിയാതെ പോയി. കഴിഞ്ഞ ആഴ്ച എറണാകുളത്തെ ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത വ്യക്തിയാണ് രേണു രാജ്. ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ. ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാമിനെ കഴിഞ്ഞ ദിവസം എറണാകുളം ആസ്ഥാനമായ സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്ക് മാറ്റി നിയോഗിച്ചിരുന്നു. ഇതിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതിഷേധവും അറിയിച്ചു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ അവധിപ്രഖ്യാപിച്ചിരുന്നു. എം.ജി. സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എന്നിട്ടും എറണാകുളത്ത് മാത്രം അവധി നൽകിയില്ല. തൃശൂരിലും ഇന്ന് രാവിലെയാണ് അവധി നൽകിയത്. എന്നാൽ മഴയുടെ സ്വഭാവം മാറുന്നത് മനസ്സിലാക്കി അതിരാവിലെ തന്നെ തൃശൂരിലെ അവധി എത്തി. എന്നാൽ എറണാകുളത്ത് എട്ട് മണിയോടെയായിരുന്നു പ്രഖ്യാപനം. അടിമുടി ആശയക്കുഴപ്പമാണ് ഇതുണ്ടാക്കിയത്.
പല സ്‌കൂളുകളും എട്ടു മണിക്ക് തന്നെ ആരംഭിക്കും. ഈ സ്‌കൂളുകളിൽ ക്ലാസ് തുടങ്ങിയ ശേഷമാണ് അവധി പ്രഖ്യാപനം എത്തിയത്. തുടങ്ങിയ ക്ലാസുകൾ അടയ്‌ക്കേണ്ടതില്ലെന്നും കളക്ടർ വിശദീകരിച്ചിട്ടുണ്ട്. ബാക്കി ഭൂരിഭാഗം കുട്ടികളും അവധി പ്രഖ്യാപിക്കുമ്പോൾ ക്ലാസിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. അങ്ങനെ എല്ലാം കൊണ്ടും ദുരിതം.
നേരത്തെ ഒരു മഴക്കാലത്ത് തിരുവനന്തപുരത്ത് ഇത്തരത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ വിവാദമായി. അതുകൊണ്ട് തന്നെ പിന്നീട് എല്ലാ കളക്ടർമാരും സ്‌കൂൾ അടയ്ക്കലിൽ മുൻകൂർ തീരുമാനങ്ങൾ എടുക്കുന്നതാണ് രീതി.ഇതാണ് എറണാകുളത്ത് അട്ടിമറിക്കപ്പെടുന്നത്. അതിതീവ്ര മഴയുടെ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സംസ്ഥാനത്താകെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുകയാണ്