play-sharp-fill
മഴയും കെടുതിയും അനാഥമാക്കിയത് നിരവധി കുടുംബങ്ങളെ: പ്രളയക്കെടുതിയിൽ തകർന്നവർക്ക് സ്‌നേഹ സാന്ത്വനമായി ദുരിതാശ്വാസ ക്യാമ്പുകൾ

മഴയും കെടുതിയും അനാഥമാക്കിയത് നിരവധി കുടുംബങ്ങളെ: പ്രളയക്കെടുതിയിൽ തകർന്നവർക്ക് സ്‌നേഹ സാന്ത്വനമായി ദുരിതാശ്വാസ ക്യാമ്പുകൾ

സ്വന്തം ലേഖകൻ

വയനാട്: സംസ്ഥാനത്ത് രണ്ടാം പ്രളയക്കാലത്ത് കൈത്താങ്ങായി നൂറുകണക്കിന് ആളുകൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതത്തിന് പകരം സ്‌നേഹം നിറച്ച ആളുകളാണ് വ്യത്യസ്തമായ ചരിത്രം സൃഷ്ടിക്കുന്നത്.
വയനാട് പനമരത്താണ് ദുരിതാശ്വാസ ക്യാമ്പിൽ ദുരിതത്തിന് പകരം സ്‌നേഹം പകരുന്ന സന്ദേശം എത്തിയത്. പനമരം മാതോത്ത്പൊയിൽ കാക്കത്തോട് കോളനിയിലെ മുത്തുവിന്റെ (24) മകളാണ് 6 മാസം പ്രായമുള്ള ദൃശ്യയെ കയ്യിലെടുത്ത ദുരിതാശ്വാസ ക്യാമ്പിലെ അമ്മമാരാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന കാഴ്ചയായി മാറിയത്. . ഒന്നും അറിയാതെ വാവിട്ട് കരയുന്ന കൺമണിയുടെ കരച്ചിലടക്കാൻ ഒന്നല്ല ഒരു നൂറ് അമ്മമാരാണ് ഉണ്ടായിരുന്നത്. ആ കരച്ചിൽ കേട്ടു നിൽക്കാൻ അവർക്കായില്ല. അങ്ങനെ അമ്മിഞ്ഞപ്പാലിന്റെ മണം മാറും മുൻപേ അമ്മയെ നഷ്ടപ്പെട്ട കുരുന്നിന് ദുരിതാശ്വാസ ക്യാംപിലുള്ളവർ പോറ്റമ്മമാരാകുകയാണ് കുഞ്ഞിനു മുലപ്പാൽ നൽകുന്നതു ക്യാംപിലെ അമ്മമാരാണ്.
അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ സ്‌കൂളിലെ താൽക്കാലിക ദുരിതാശ്വാസ ക്യാംപിൽ അച്ഛൻ ബാബുവിനൊപ്പമാണ് ദൃശ്യ ഇപ്പോൾ. 6 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു മുത്തുവിനും ബാബുവിനും കുഞ്ഞുണ്ടായത്. ഈ സന്തോഷം കുടുംബത്തിൽ നിറയുമ്‌ബോഴാണ് മഴയുടെ രൂപത്തിൽ ദുരന്തമെത്തിയത്. അമ്മയെ നഷ്ടമായ ദൃശ്യയെ ക്യാംപിലുള്ളവർ സ്വന്തം മകളെപ്പോലെ കരുതുന്നു. സമപ്രായക്കാരായ മക്കളുള്ള അമ്മമാർ മുലപ്പാൽ നൽകുന്നു. ദൃശ്യ ഇപ്പോൾ ക്യാംപിലെ ചിന്നുക്കുട്ടിയാണ്.


മകന്റെ നിർബന്ധത്തിനു വഴങ്ങി അന്തിയുറങ്ങാൻ മറ്റൊരിടം തേടിയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തിലാണ് അഗളിയിലെ കണ്ടിയൂർ പള്ളത്ത് ജോർജും കുടുംബവും. മണ്ണിൽ പണിയെടുത്തും പശുവിനെ കറന്നും കഷ്ടപ്പെട്ടുണ്ടാക്കിയ 1300 ചതുരശ്രയടി വാർപ്പ് വീടും മൂന്ന് ബൈക്കുകളും ഉൾപ്പെടെ മണ്ണിനടിയിലായി. വീടിനു പുറകിൽ പറമ്ബിലെ കുന്നിൽചെരുവിൽ നിന്നു നേരിയ നീരൊഴുക്കും മണ്ണിടിയുന്നതും കണ്ടാണ് മാറിത്താമസിക്കാൻ മകൻ പറഞ്ഞത്. നേരം വെളുക്കുമ്‌ബോഴേക്കും വീട് പൂർണമായി മണ്ണ് വിഴുങ്ങിയിരുന്നു. അങ്ങനെ ഭാര്യ മേരിയും മകൻ വിത്സനും മരുമകൾ ആലീസും 6 വയസിൽ താഴെയുള്ള 3 കൊച്ചുമക്കളും ജീവനോടെയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ അട്ടപ്പാടി അഗളിയിൽ കുടുങ്ങിയ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും എട്ടുമാസം ഗർഭിണിയായ അമ്മയേയും, കുഞ്ഞിനേയും അതിസാഹസികമായി രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഭവാനിപ്പുഴ രണ്ടായി തിരിയുന്ന അട്ടപ്പാടി പട്ടിമാളം കോണർ തുരുത്തിൽ ഇവരുടെ കുടുംബം കുടുങ്ങുകയായിരുന്നു. പുഴയ്ക്ക് കുറുകെ കയർ കെട്ടിയ ശേഷം ഇവരെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. ആദ്യം അറുപതുകാരിയായ പഴനിയമ്മയെ നാട്ടുകാരും പൊലീസും അഗ്‌നി രക്ഷസേനയും ചേർന്ന് രക്ഷപ്പെടുത്തി. ശേഷം കുട്ടിയുടെ പിതാവിനെ കയർ കൊണ്ട് ബന്ധിപ്പിച്ച ശേഷം കുട്ടിയെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്താണ് രക്ഷപ്പെടുത്തിയത്. അതിനുപിന്നാലെ ഗർഭിണിയായ യുവതിയേയും കയർ ബന്ധിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മറുകരയിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ സജ്ജമായിരുന്നു. ഇവർ എത്തിയ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

സംസ്ഥാനത്തെ ദുരിതത്തിൽ ആഴ്ത്തിയ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പല പ്രദേശങ്ങളിലും ശനിയാഴ്ച്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. എങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിലെ ദുരിത ബാധിത മേഖലകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ പറവൂരിലടക്കം എറണാകുളത്തിന്റെ താഴ്ന്ന മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ രൂക്ഷമാണ്. മഴയുടെ ശക്തി കുറയുന്നതോടെ കവളപ്പാറയും പുത്തുമലയിലും രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിമക്കാമെന്ന് പ്രതീക്ഷയിലാണ് അധികൃതർ. കനത്ത നാശ നഷ്ടം വിതച്ച വയനാട്ടിലും മലപ്പുറത്തും സൈന്യത്തിന്റെ നേതൃത്വത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.

മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ പുത്തുമല ഉൾപ്പെട്ട വൈത്തിരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതൽ മഴ പെയ്തത്. ജില്ലയുടെ മൊത്തം മഴയുടെ അളവിലും കടന്ന് ഇവിടെ മാത്രം 285 എം.എം മഴ പെയ്തു. മാനന്തവാടി താലൂക്കിൽ 243 എം.എം ആയിരുന്നു മഴ. ബത്തേരി താലൂക്കിൽ 203 എം.എം. മഴയാണ് പെയ്തത്. 167 ദുരിതാശ്വാസ ക്യാമ്പുകളിലായി 21211 പേരെ ഈ സമയത്ത് മാറ്റിപ്പാർപ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിൽ ബാണസുര സാഗർ, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ശാന്തമാണ്. ബാണാസുര ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്നു 35.83 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസർവോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവർഷത്തേക്കാൾ കുടുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ നിലവിൽ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഓഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 ാാ വരെ മഴ) അതിശക്തമായതോ (115 ാാ മുതൽ 204.5 ാാ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്നര മുതൽ 3.8 കിലോമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിൽ മരിച്ചവരുടെ എണ്ണം 76 ആയി. ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. പുത്തുമല ഉരുൾപൊട്ടലിൽപെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ പുത്തുമല ദുരന്തത്തിൽ മരണസംഖ്യ 10 ആയി.