play-sharp-fill
ഒരാഴ്ചത്തെ മഴ രണ്ടു ദിവസത്തിനുള്ളിൽ പെയ്തു : നാട് കൊടും പ്രളയത്തിൽ മുങ്ങി; പെയ്തത് പതിന്മടങ്ങ് മഴയെന്ന് റിപ്പോർട്ട്

ഒരാഴ്ചത്തെ മഴ രണ്ടു ദിവസത്തിനുള്ളിൽ പെയ്തു : നാട് കൊടും പ്രളയത്തിൽ മുങ്ങി; പെയ്തത് പതിന്മടങ്ങ് മഴയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തെ രണ്ടാം പ്രളയത്തിൽ മുക്കിയത് ഒരാഴ്ച പെയ്യേണ്ട മഴ രണ്ടു ദിവസം കൊണ്ട് പെയ്തതിനെ തുടർന്ന് എന്ന് റിപ്പോർട്ട്.  ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്‌തത്‌ കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങ് മഴയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌ ഓഗസ്റ്റ് ഒമ്പതിന് 24 മണിക്കൂറിലാണ് കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍ മഴയാണ്. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികമാണ് ഇത്. അതേസമയം ഈ മാസം എട്ടിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴയാണ് പെയ്‌തത്‌. ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ ഏതാനും ദിവസത്തേക്കായി ചുരുങ്ങുകയും വലിയ നാശത്തിന് കാരണമാവുകയുമായിരുന്നു. ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറഞ്ഞത് പലയിടത്തും വരള്‍ച്ചയ്ക്കും കാരണമായി. എന്നിട്ടും പ്രളയദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം ഇത്തരത്തില്‍ പെയ്‌ത മഴയാണ്.
മണ്‍സൂണ്‍ തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 7 വരെ 1072 മില്ലിമീറ്റര്‍ മഴയാണ് പെയ്‌തത്. ഇത് പതിവായി കിട്ടേണ്ട മഴയുടെ 27 ശതമാനം കുറവാണ്. ഇത്രയധികം മഴ ചെറിയ സമയത്തിനകം ഉണ്ടായതാണ് ഭൂമിയില്‍ നിന്ന് വെള്ളം ഒഴിഞ്ഞുപോകാത്തതിനും വ്യാപകമായ ഉരുള്‍പൊട്ടലിനും ഇടയാക്കിയത്. രണ്ടുദിവസത്തില്‍ എണ്‍പതിലേറെ ഉരുള്‍പൊട്ടലുകളുണ്ടായി. ഇതാണ് വ്യാപകമായ കൃഷിനാശവും ആള്‍നാശവും വീടും മറ്റ് വസ്തുവകകളും നഷ്ടമാകാനും റോഡുകളെല്ലാം വെളളത്തിലാകാനും ഇടയാക്കിയത്.


ചെെനീസ് തീരത്തേക്കുള്ള സോമാലി ജെറ്റ് സ്ട്രീമിലുണ്ടായ മാറ്റങ്ങള്‍ മൂലം പടിഞ്ഞാറന്‍ ശാന്തസമുദ്രത്തില്‍ നിന്ന് ഉല്‍ഭവിച്ച്‌ തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ശീതമേഘങ്ങളും കാറ്റുമാണ് സംസ്ഥാനത്ത് കൊടും മഴയ്ക്ക് വഴിവച്ചതെന്നാണ് നിഗമനം. കട്ടിയേറിയ മഴമേഘങ്ങള്‍ മൂലമാണ് കൂടുതല്‍ വെളളം നിറഞ്ഞ മഴയുണ്ടായത്. മേഘവിസ്ഫോടന പ്രതിഭാസത്തിന് സമാനമായ മഴയാണ് വടക്കന്‍ ജില്ലകളിലുണ്ടായത്. പെയ്യുന്ന മഴ നദികളില്‍ ഒതുങ്ങാതെയും മണ്ണിലേക്ക് ഇറങ്ങാതെയും കെട്ടിക്കിടന്ന് പ്രളയമുണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുദിവസം പെയ്തത് 300 മില്ലിമീറ്ററിലേറെ കോഴിക്കോട് വടകരയില്‍ 296 എം.എം  പാലക്കാട് ഒറ്റപ്പാലത്ത് 286.2 എം.എം  വയനാട് വൈത്തിരിയില്‍ 210 എം.എം.