play-sharp-fill
മൂന്നാം ദിവസവും തുടർച്ചയായ മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനിടയിൽ; പാലായിലും വെള്ളക്കെട്ട്; ജില്ല വീണ്ടും പ്രളയഭീതിയിൽ

മൂന്നാം ദിവസവും തുടർച്ചയായ മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനിടയിൽ; പാലായിലും വെള്ളക്കെട്ട്; ജില്ല വീണ്ടും പ്രളയഭീതിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികം അടുക്കുമ്പോൾ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുമരകവും, തിരുവാർപ്പും, അടക്കമുള്ള പടിഞ്ഞാറൻമേഖലളിലും പാലാ നഗരത്തിലും അടക്കം വെള്ളം കയറിയതോടെയാണ് ജില്ലയിൽ വീണ്ടും വെള്ളപ്പൊക്കവും മഴക്കെടുതിയും അതിരൂക്ഷായിരിക്കുന്നത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രണ്ടിടത്ത്് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുമുണ്ട്.
നാട്ടകത്തും പെരുമ്പായിക്കാടുമാണ് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  നാട്ടകം നിർമിതി കോളനി ഹാളിൽ ആരംഭിച്ച ദിരിതാശ്വാസ ക്യാമ്പിൽ 10 കുടുംബങ്ങളിലായി 50 ആളുകളാണ് ഉ്ള്ളത്. പെരുമ്പായിക്കാട്  എസ്.എൻ.എൽ.പി.എസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ രണ്ടു കുടുംബങ്ങളുമാണ് താമസിക്കുന്നത്.
കോട്ടയം ജില്ലയിൽ പാലാ നഗരവും, കുമരകും, തിരുവാർപ്പും അപ്പർ കുട്ടനാടൻ മേഖലകളും എല്ലാം മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളത്തിലായിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ മാത്രം മാറി നിന്ന മഴ പിന്നീട് പൂർവാധികം ശക്തിയായി തന്നെ പെയ്യുകയായിരുന്നു. മീനച്ചിലാറും കൊടൂരാറും നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. കരകവിഞ്ഞ് രണ്ട് ആറുകളും കയറാതിരുന്നതിനാൽ ഈ കരകളിലെ സാധാരണക്കാർ വെള്ളത്തിനി അടിയിലായിട്ടില്ല. എന്നാൽ, മഴ ഇതേ രീതിയിൽ തുടർന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ഈ പ്രദേശവും വെള്ളത്തിനടിയിലാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
തിരുവാർപ്പ് കിളിരൂർ താമരശേരി കോളനി ഇതിനോടകം തന്നെ വെള്ളത്തിൽ മു്ങ്ങിയിട്ടുണ്ട്. കോട്ടയം നഗരസഭയെയും  തിരുവാർപ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചിറ്റടിപ്പാലം കനത്ത മഴയിൽ ഒഴുകിപ്പോയി. തടിയിൽ നിർമ്മിച്ച പാലമാണ് ഒഴുകിപ്പോയത്. കുമരകം, തിരുവാർപ്പ്, അയ്മനം, വൈക്കം, കടുത്തുരുത്തി, കാഞ്ഞിരം തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളിൽ അടക്കം വെള്ളംകയറിയിട്ടുണ്ട്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയിലാണ്. ഇതോടെ ഇവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ആളുകൾ വീടുകളിൽ നിന്നും വാഹനങ്ങളും വിലകൂടിയ വസ്തുക്കളും മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്ത് ആറ്റിലൂടെ ഒഴുകിവന്ന തടി പിടിക്കാനുള്ള  ശ്രമത്തിനിടെ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷ് സെബാസ്റ്റ്യനെ ശനിയാഴ്ച മുഴുവനും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചില്ല. വെളിച്ചക്കുറവിനെയും മോശം കാലാവസ്ഥയെയും തുടർന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലരയോടെ അതിരമ്പുഴ – വേദഗിരി റോഡിൽ മാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ഈ റോഡിലെ ഗതാഗത തടസം പരിഹരിച്ചത്. മരം അഗ്നിരക്ഷാ സേന എത്തി വെട്ടിമാറ്റുകയായിരുന്നു.
ഞീഴൂരിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും നൂറുകണക്കിന് ഏത്തവാഴയും തേക്കുമരങ്ങളും അടക്കം വൻ കൃഷി നാശമുണ്ടായിട്ടുണ്ട്. തേക്കുമരം വീണ് കാട്ടാമ്പാക്ക് -കുറവിലങ്ങാട് റോഡിൽ ഗതാഗതം തടസപ്പെട്ടു. കനത്തമഴയിൽ കോട്ടയം  വഴിയുള്ള ട്രെയിൻഗതാഗതവും താറുമാറായി.