play-sharp-fill
മഴയുടെ ശക്തി കുറഞ്ഞു: മലയോരത്തെ ഉരുൾപൊട്ടലിൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി :  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; ആശങ്ക വേണ്ടെന്ന് മന്ത്രി പി. തിലോത്തമൻ

മഴയുടെ ശക്തി കുറഞ്ഞു: മലയോരത്തെ ഉരുൾപൊട്ടലിൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; ആശങ്ക വേണ്ടെന്ന് മന്ത്രി പി. തിലോത്തമൻ

സ്വന്തം ലേഖകൻ

കോട്ടയം: രണ്ട് ദിവസത്തിന് ശേഷം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര മേഖലയിൽ ഉരുൾ പൊട്ടിയതോടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. പടിഞ്ഞാറൻ മേഖലയിൽ പല സ്ഥലത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാത്രിയിൽ ഇവിടെ എല്ലാം ജല നിരപ്പ് ഉയരും എന്നാണ് ആണ് ആശങ്ക.
ജലനിരപ്പ് ഉയര്‍ന്ന മേഖലകളിലെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.


ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും രാപ്പകല്‍ വ്യത്യാസമില്ലാതെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം സുസജ്ജമാണ്- ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലയിലെ സ്ഥിതിഗതികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, സബ് കളക്ടര്‍ ഈഷ പ്രിയ, എ.ഡി.എം. അലക്സ് ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംക്രാന്തി എസ്.എന്‍.എല്‍.പി.എസ്, പള്ളിപ്പുറം സെന്‍റ് മേരീസ് പള്ളി ഹാള്‍, പുന്നത്തുറ സെന്‍റ് ജോസഫ്സ് എച്ച്.എസ്, അയര്‍ക്കുന്നം മഠത്തിക്കവല അങ്കണവാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി തിലോത്തമന്‍ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടറും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പും ഫിഷറീസ് വകുപ്പും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 0481 2564623 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം. വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അതത് മൃഗാശുപത്രികളില്‍ അറിയിക്കാം. ഫീഷറീസ് വകുപ്പിന് കോട്ടയത്തും വൈക്കത്തും കണ്‍ട്രോള്‍ റൂമുകളുണ്ട്. ഫോണ്‍: കോട്ടയം – 04812566823, 9447177057 , വൈക്കം- 9747492762

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group