പൃഥ്വിരാജിന്റെ വീട് വെള്ളത്തിൽ മുങ്ങി; അമ്മ മല്ലിക സുകുമാരൻ ഒരു മണിക്കൂർ ഒറ്റപ്പെട്ടു: രക്ഷിച്ചത് ദുരന്തനിവാരണ സേന; ദുരിതത്തിലും മനസാക്ഷിയില്ലാതെ സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തെ മുക്കിക്കളഞ്ഞ പെരുമഴയിൽ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ആഡംബര വസതിയും മുങ്ങി. മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വസതിയാണ് വെള്ളത്തിൽ മുങ്ങിയത്. രണ്ടരക്കോടി മുടക്കി നിർമ്മിച്ച വീടിനുള്ളിൽ മുട്ടറ്റം വെള്ളമുണ്ട്.
വീടിനുള്ളിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
ബുധനാഴ്ച പകൽ മുഴുവൻ നിർത്താതെ പെയ്ത മഴയാണ് മല്ലികയെ ചതിച്ചത്. വീടിന്റെ പുറത്ത് വെള്ളം നിറഞ്ഞതോടെ ഇവർ സഹായം അഭ്യർത്ഥിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ , ആരെയും സഹായത്തിനായി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങളും , നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. വലിയ അണ്ടാവിനുള്ളിൽ ഇരുത്തിയാണ് മല്ലികയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
ഇതിനിടെ ദുരന്തത്തിലും മല്ലിക സുകുമാരനെ പരിഹസിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഒരു അഭിമുഖത്തിൽ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോർഗിനി എത്തിക്കാൻ പര്യാപ്തമായ റോഡുകൾ കേരളത്തിലില്ല എന്നായിരുന്നു മല്ലികയുടെ പരിഹാസം. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ മല്ലികയെ ട്രോളുന്നത്. ദുരിതത്തിനിടയിലും മലയാളിയുടെ ക്രൂരതയുടെ അടയാളമായി ഇത്.
കനത്ത മഴയില്‍ വ്യാഴാഴ്ച മാത്രം 24 പേരാണ് കേരളത്തിൽ മരിച്ചത്. ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 56 ആയി. നെന്മാറയില്‍ ഉരുള്‍പൊട്ടി ഒമ്പത് പേര്‍ മരിച്ചു. കോഴിക്കോട്ട് മാവൂര്‍ ഊര്‍ക്കടവില്‍ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കൂടരഞ്ഞി കല്‍പിനിയില്‍ ഉരുള്‍പൊട്ടി രണ്ടുപേര്‍ മരിച്ചു. കണ്ണൂരില്‍ മല്‍സ്യബന്ധനത്തിന് പോയ ആള്‍ വള്ളംമറിഞ്ഞ് മരിച്ചു.