ആക്‌സിൽ തകരാറായതിനെ തുടർന്ന് ചെന്നൈ മെയിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ കുടുങ്ങി: കോട്ടയം, എറണാകുളം തിരുവനന്തപുരം റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
സ്വന്തം ലേഖകൻ
കോട്ടയം: ആക്‌സിൽ തകരാറായതിനെ തുടർന്ന് ചെന്നൈ തിരുവനന്തപുരം മെയിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിലേറെ. യാത്രക്കാർ വലഞ്ഞു. ട്രെയിൻ കുടുങ്ങിയതോടെ കോട്ടയം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം കുടുങ്ങി. തിങ്കളാഴ്ച രാവിലെ 8.25ഓടെ കോട്ടയം റെയിൽവെ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ചെന്നൈ നിന്നെത്തിയ മെയിൽ യാത്രക്കാരെ കേറ്റുന്നതിനായി റെയിൽവെ സ്‌റ്റേഷനിൽ നിർത്തി. ഈ സമയം പിന്നിലെ രണ്ടാം നമ്പർ ബോഗിയിലെ ആക്‌സിൽ കുടുങ്ങുകയായിരുന്നു. സിഗ്നൽ ലഭിച്ചശേഷം ട്രെയിൻ പോകാൻ മുന്നോട്ടെടുത്തപ്പോഴാണ് ആക്‌സിൽ തകരാറിലായത് ശ്രദ്ധയിൽപെട്ടത്. പിന്നീട് എഞ്ചിൻ ഡ്രൈവർ പ്രാഥമിക പരിശോധന നടത്തിയപ്പോൾ ആക്‌സിലിന്റെ തകരാറാണെന്ന് കണ്ടെത്തി. തുടർന്ന് ഇത് മാറ്റി സ്ഥാപിക്കുന്നതിന് മെക്കാനിക്കൽ വിഭാഗത്തെ സമീപിച്ചു. എന്നാൽ ആക്‌സിൽ മാറ്റി സ്ഥാപിക്കണമെങ്കിൽ അതിനുള്ള സാമഗ്രികളും സാങ്കേതിക വിദ്യ അറിയാവുന്ന ഉദ്യോഗസ്ഥരും കോട്ടയം ഭാഗത്ത് ലഭ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ എറണാകുളത്തുനിന്നും ബോഗി എത്തിച്ച് മാറ്റി സ്ഥാപിക്കണമെന്ന് റെയിൽവെ സ്റ്റേഷൻ മാനേജർ അറിയിച്ചു. ഇതേതുടർന്ന് എറണാകുളത്തുനിന്നും മറ്റൊരു ബോഗി എത്തിച്ചാണ് ട്രെയിൻ യാത്ര തുടങ്ങിയത്. രണ്ട് മണിക്കൂറോളം ഇതേതുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കുരുങ്ങിക്കിടന്നു. ചെന്നൈ മെയിൽ കുരുങ്ങിയതോടെ ഈ ട്രെയിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാർ സ്വകാര്യ ബസ് അടക്കമുള്ള മറ്റ് മാർഗങ്ങളിലൂടെ യാത്ര തുടർന്നത്. ദീർഘദൂര യാത്രക്കാർ അടക്കമുള്ളവർ വലഞ്ഞു. ട്രെയിൻ തകരാറിലായതോടെ നാഗർകോവിൽ മംഗലാപുരം പരശുറാം എക്‌സ്പ്രസ്സും തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ്സും വിവിധ സ്റ്റേഷനിൽ പിടിച്ചിട്ടു. ഈ രണ്ടു ട്രെയിനുകളും രണ്ട് മണിക്കൂർ വീതം വൈകിയാണ് ഓടുന്നത്. എറണാകുളത്തുനിന്നും പുതിയ ബോഗി എത്തിച്ച് തകരാർ പരിഹരിച്ച് രണ്ട് മണിക്കൂറിനുശേഷം 11 മണിയോടുകൂടിയാണ് കോട്ടയം റെയിൽവെ സ്‌റ്റേഷനിൽനിന്ന് ചെന്നൈ മെയിൽ യാത്ര തുടർന്നത്. ഇന്നത്തെ റെയിൽ സമയത്തിനെയെല്ലാം ഈ തകരാർ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.