play-sharp-fill
പെരുമഴയിലും കുരുക്കുണ്ടാക്കി ബിഗ് ബസാർ : സി.ഐയും പത്ത് പൊലീസുകാരും നിന്നിട്ടും കോട്ടയം നഗരത്തിൽ ബിഗ് ബസാറുണ്ടാക്കുന്ന കുരുക്കഴിക്കാനാവുന്നില്ല; ബിഗ് ബസാറിൽ എത്തുന്നവരുടെ അനധികൃത പാർക്കിങ്ങിൽ വലഞ്ഞ് നഗരം

പെരുമഴയിലും കുരുക്കുണ്ടാക്കി ബിഗ് ബസാർ : സി.ഐയും പത്ത് പൊലീസുകാരും നിന്നിട്ടും കോട്ടയം നഗരത്തിൽ ബിഗ് ബസാറുണ്ടാക്കുന്ന കുരുക്കഴിക്കാനാവുന്നില്ല; ബിഗ് ബസാറിൽ എത്തുന്നവരുടെ അനധികൃത പാർക്കിങ്ങിൽ വലഞ്ഞ് നഗരം

സ്വന്തം ലേഖകൻ
കോട്ടയം: പെരുമഴയിൽ സാധാരണക്കാർ നട്ടം തിരിയുമ്പോൾ നഗരത്തെ കുരുക്കി ബിഗ് ബസാറിന്റെ കച്ചവടം. മതിയായ പാർക്കിങ് സൗകര്യമില്ലാതെ, ടിബി റോഡിനു സമീപത്ത് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാർ സാധാരണക്കാരായ ആളുകളെയാണ് വലയ്ക്കുന്നത്. ബിഗ് ബസാറിൽ എത്തുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തി യാതൊരു മാനദണ്ഡവുമില്ലാതെ ആളുകളെ ഇറക്കുകയും കയറ്റുകയും കൂടി ചെയ്യുന്നതോടെ ബിഗ് ബസാർ യഥാർത്ഥത്തിൽ നഗരത്തിന് ബിഗ് പ്രോബ്ലമായി മാറിയിരിക്കുകയാണ്.
ഒരു വർഷം മുൻപ് നഗരത്തിൽ ബിഗ്  ബസാർ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ ഈ സ്ഥാപനം നഗരത്തിന് ബാധ്യതയായി മാറുമെന്ന് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. മതിയായ പാർക്കിങ് സൗകര്യമില്ലാതെ നഗരത്തിൽ ബിഗ് ബസാർ പ്രവർത്തനം ആരംഭിക്കുന്നത് നഗരത്തെ കുരുക്കുമെന്ന് തേർഡ് ഐ ന്യൂസ് ലൈവ് അന്ന് തന്നെ വാർത്ത് നൽകിയിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ നഗരത്തെ കുരുക്കുന്നത്. ബിഗ് ബസാറിന്റെ കച്ചവടത്തിനായി മലയാള മനോരമയിൽ പരസ്യം നൽകിയതോടെയാണ് ആളുകൾ കൂട്ടത്തോടെ കുതിച്ചെത്തിയത്. തുടർന്ന് നാട്ടുകാർ കൂട്ടത്തോടെ സ്ഥാപനത്തിൽ എത്തുകയായിരുന്നു. എന്നാൽ, ഇത്ര ആളുകൾ എത്തുന്നതിന് അനുസരിച്ചുള്ള പാർക്കിങ് ക്രമീകരണങ്ങളൊന്നും ഇവിടെ ഏർപ്പെടുത്തിയിരുന്നില്ല.
ഇതേ തുടർന്ന് ആദ്യ ദിവസം തന്നെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയും ആരംഭിച്ചു. റോഡരികിൽ ഗതാഗത തടസം ഉണ്ടാകുന്ന നിലയിൽ പാർക്ക് ചെയ്ത എല്ലാ വാഹനങ്ങൾക്കും എതിരെ പൊലീസ് നോട്ടീസ് പതിച്ചു. എന്നിട്ടും ഗതാഗതക്കുരുക്ക് അഴിക്കാൻ മാർഗമുണ്ടായില്ല.

ഇതേ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ഗതാഗത നിയന്ത്രണം പൊലീസ് പൂർണമായും ഏറ്റെടുക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പത്ത് പൊലീസുകാർ നിരന്നു നിന്നാണ് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചത്. ഇതിനിടെ മഴയും തീയറ്ററിലേയ്ക്കുള്ള തിരക്കും എത്തിയതോടെ എം.സി റോഡിൽ പൊലീസ് നന്നേ വലഞ്ഞൂ. പലപ്പോഴും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസ് വിയർത്തു പോകുകയായിരുന്നു.
വരും ദിവസങ്ങളിലും ഇതേ അവസ്ഥ തന്നെയാകാനാണ് സാധ്യത. ബിഗ് ബസാറിന്റെ കച്ചവടത്തിന്റെ ദുരിതം പേറേണ്ടി വരുന്നത് സാധാരണക്കാരാണ്. കാറിലും ആഡംബര വാഹനങ്ങളിലുമായാണ് ബിഗ് ബസാറിലേയ്ക്ക് സമ്പന്നർ ഒഴുകിയെത്തുന്നത്. എന്നാൽ, ഇവരുടെ ആഡംബര ഭ്രമത്തിന് മുന്നിൽ കുരുക്കിൽ അകപ്പെടുന്നത് സാധാരണക്കാരാണ്.