ജില്ലയിൽ കാലവര്‍ഷം സേഫ് ആക്കാന്‍ നിര്‍ദേശങ്ങളുമായി പൊലീസ്; സേഫ് കോട്ടയം എന്ന പേരില്‍ സാമൂഹ്യ സുരക്ഷിതത്വ ക്യാമ്പെയിന് സംഘടിപ്പിക്കും
സ്വന്തം ലേഖിക
കോട്ടയം: കാലവര്‍ഷ സമയത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ സേഫ് കോട്ടയം എന്ന പേരില്‍ സാമൂഹ്യ സുരക്ഷിതത്വ ക്യാമ്പെയിന് സംഘടിപ്പിക്കും.
അടുത്തകാലത്ത് വെള്ളത്തില്വീണും ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞു വീണും നിരവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസ് ക്യാമ്പെയിന് നടത്തുന്നത്. മഴക്കാലത്തുണ്ടാകാവുന്ന അപകട സാധ്യതകളെപ്പറ്റിയും അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി വ്യാപക പ്രചാരണങ്ങളും ബോര്‍ഡുകളും വാട്സ്ആപ്പ് സന്ദേശങ്ങളും നല്‍കും.
കാലവര്‍ഷ സമയത്തെ സുരക്ഷാ നിര്‍ദേശങ്ങള്‍
മഴക്കാലത്തും വെള്ളപ്പൊക്ക സമയങ്ങളിലും നദികളിലും പാറമടകളിലും ചെറുതോടുകളിലും വെള്ളക്കെട്ടുകളിലും കുട്ടികളെ കുളിക്കാന്‍ പോകുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. വെള്ളപ്പൊക്ക സമയത്ത് തോടുകളില്‍ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം.
വെള്ളക്കെട്ടിലൂടെയുള്ള നടത്തം, യാത്ര എന്നിവ ഒഴിവാക്കുക.
വള്ളം/ചങ്ങാടം മുതലായവയില്‍ തുഴയാന്‍ ഇറങ്ങുന്നതും ഒഴിവാക്കണം. മദ്യപിച്ചശേഷം യാതൊരു കാരണവശാലും വെള്ളത്തിലിറങ്ങുവാന്‍ പാടില്ല. പ്രളയസമയത്ത് താഴ്ന്ന പ്രദേശങ്ങളിലോ, പുഴയോരങ്ങളിലോ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റണം.
വീട്ടുമുറ്റത്ത് ഉപയോഗ ശൂന്യമായതോ, തുറന്നിട്ടതോ ആയ കുഴികള്‍ ഉണ്ടെങ്കില്‍ മൂടിവയ്ക്കുക. മതിലുകള്‍, കിണറുകള്‍, കുന്നിന് ചെരുവുകള്‍, മണ്‍തിട്ടകള്‍ എന്നിവിടങ്ങളിലുള്ള ജോലികള്‍ ഒഴിവാക്കണം.
കിണറിനു പാരപ്പെറ്റ് കെട്ടുകയോ മൂടി വയ്ക്കുകയോ ചെയ്യണം.
ഉപയോഗശൂന്യമായ കിണറുകളും, കുഴികളും മൂടുകയോ, അല്ലെങ്കില്‍ മതിയായ അകലത്തില്‍ വേലികെട്ടി സുരക്ഷിതമാക്കുകയോ ചെയ്യണം.
ഒഴുക്കില്‍പ്പെടുന്ന ആളെ രക്ഷിക്കാന്‍ മതിയായ സുരക്ഷയില്ലാതെ പുറകെ ചാടുന്നത് പോലുള്ള സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക.
ഇത്തരം ഘട്ടങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു, നാവിക സേന, പൊലീസ് എന്നിവയുടെ സഹായം തേടുക.
രാത്രികാലങ്ങളില്‍ ജനാലകളും വാതിലുകളും അടച്ചെന്ന് ഉറപ്പുവരുത്തുക.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുകയോ, മഴക്കാലത്ത് ഇത്തരം കെട്ടിടങ്ങളിലെ താമസം ഒഴിവാക്കുകയോ ചെയ്യണം.
മൊബൈല്‍ ഫോണില്‍ ആവശ്യത്തിനുള്ള ചാര്‍ജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. പവര്‍ ബാങ്ക്, ടോര്‍ച്ച്, എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവ ചാര്‍ജ് ചെയ്ത് വയ്ക്കുക.
പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും അടക്കമുള്ള അത്യാവശ്യ ഹെല്പ് ലൈന്‍ നമ്പറുകള്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത് വയ്ക്കുകയോ, എവിടെയെങ്കിലും കുറിച്ചിടുകയോ ചെയ്യുക.