play-sharp-fill
ചക്രവാതച്ചുഴി ന്യൂനമര്‍ദ സാധ്യത;   അഞ്ച് ദിവസം കേരളത്തില്‍ മഴക്കും മിന്നലിനും സാധ്യത

ചക്രവാതച്ചുഴി ന്യൂനമര്‍ദ സാധ്യത; അഞ്ച് ദിവസം കേരളത്തില്‍ മഴക്കും മിന്നലിനും സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബം​ഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സാധ്യത‌യും ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയും കണക്കിലെടുത്ത് കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.


തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യൂനമര്‍ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമാകും. ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത‌യുമുണ്ട്. മേയ് ആറോടെ ഇത് ന്യൂനമര്‍ദമാകാനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 ഏപ്രില്‍ 4 മുതല്‍ 5 വരെ മധ്യ – കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള മേഖലകളിലും തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

2022 ഏപ്രില്‍ 6 ന് ആന്‍ഡമാന്‍ കടലിലും മധ്യ – കിഴക്ക്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള മേഖലകളിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.