അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും..! അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായും മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂന മര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയക്ക് സാധ്യത ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ ഇനിയും വൈകും. മിനിക്കോയ് തീരത്തായുള്ള കാലവര്‍ഷത്തിന് കാര്യമായ പുരോഗതിയില്ല. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും, കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ ഒറ്റപ്പെട്ടയിടങ്ങളില്‍ കിട്ടും.
അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് – പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി ഇനിയും അനുകൂലമാകാത്തതിനാലാണ് കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുന്നത്. അതേസമയം, മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ലക്ഷ ദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.