സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത..! ഇന്ന് നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം ; നാളെ കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്.
അതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ലക്ഷദ്വീപിൽ മിനിക്കോയ് ദീപിൽ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടത്. എന്നാൽ, വൈകുമോയെന്ന് ആശങ്കയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 05 cm നും 50 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 0.6 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കൻഡിൽ 05 cm നും 60 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ട്.