കനത്ത മഴ തുടരുന്നു, കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു നാല് മരണം മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് നൂറ്റിമുപ്പത് അടി
ശ്രീകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നത് ജനജീവിതം താറുമാറാക്കി. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു. ഇന്നലെ മാത്രം 365 വീടുകളാണ് തകർന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.
വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും ഒട്ടേറെ പ്രദേശങ്ങളിൽ വൈദ്യതി മുടങ്ങി. വൈദ്യുതി വിതരണ പുനഃസ്ഥാപിക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി അയ്യായിരത്തിലേറെ പേരെ വിവിധ ദുരുതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിൽ വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തെ ചെല്ലാനത്തും തിരവനന്തപുരത്തെ അഞ്ചുതെങ്ങിലും കടലാക്രമണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. പമ്പാനദി കരകവിഞ്ഞൊഴുകയാണ്. പുനലൂർ – മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പ്രദേശ വാസികൾ ജാഗ്രത പാലിക്കണം.
കോട്ടയം ജില്ലയുടെ മലയോര മേഖലയായ ഇളംകാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മണിമലയാറ്റിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ്.
മുണ്ടക്കയം എരുമേലി റൂട്ടിലെ ക്രോസ് വേ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. മണിമലയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ പാലാ ടൗൺ പൂർണമായും വെള്ളത്തിനടിയിലായി.
ചങ്ങനാശ്ശേരി ആലപ്പുഴ റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിർത്തി. വൈക്കം കുമരകം മേഖലകളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളി പള്ളി വെള്ളത്തിനടിയിലായി.
ഇടുക്കി ഡാമിലേക്ക് ജലനിരപ്പ് ക്രമാധീധമായി ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നൂറ്റിമുപ്പത് അടിയായി ഉയർന്നു. അണക്കെട്ട് പ്രദേശത്ത് 84ഉം തേക്കടിയിൽ 65ഉം മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഡാമിലേക്ക് 5,655 ഘന.അടി വെള്ളം സെക്കൻഡിൽ ഒഴുകി എത്തുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
എറണാകുളത്ത് കനത്ത മഴയെ തുടർന്ന് ഹൈക്കോടതി ജംഗ്ഷൻ പാലാരിവട്ടം, കച്ചേരിപ്പടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത് നോർത്ത് റെയിൽവെ സ്‌റ്റേഷനുകൾ എല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലാണ്. റെയിൽപാളം വെള്ളത്തിനടിയിലായതിനെ തുടർന്ന് എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. തമ്പാനൂർ റെയിൽവെ സ്റ്റേഷനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡും വെള്ളത്തിനടിയിലായി.
കോഴിക്കോട് കനത്ത മഴയെ തുടർന്ന് കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ ഉടൻ തുറക്കുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.