കോട്ടയം: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പകല്‍ചൂടും വേനല്‍മഴയും ഇപ്പോള്‍ അനുഭവപ്പെടുന്നത് കോട്ടയം ജില്ലയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ പകല്‍ത്താപനില 37 മുതല്‍ 38 ഡിഗ്രിവരെ എത്തിയിട്ടുണ്ട്. വേനല്‍മഴയുടെ അളവില്‍ കോട്ടയം രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്ത് പത്തനംതിട്ടയും. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മേയ് അവസാനം വരെ ഈ ചൂടും മഴയും തുടരുമെന്ന് കരുതപ്പെടുന്നു. ഏപ്രില്‍ മുതല്‍ മഴയുണ്ടെങ്കിലും രാത്രിയില്‍ താപനില 30 ഡിഗ്രിക്കു മുകളിലാണ്. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതോടെ ജില്ലയിൽ കടുത്ത ഉഷ്ണവും നേരിടുന്നു.
വേനലിലുണ്ടായ ഏകനേട്ടം, പുഴകളിലും തോടുകളിലും കിണറുകളിലും വെള്ളം വറ്റിയില്ലെന്നതാണ്. എന്നാൽ അതേസമയം വേനല്‍ക്കാല രോഗങ്ങളുടെ നിരക്കില്‍ വലിയ വർദ്ധനവാണ് ഉണ്ടായത്. എലിപ്പനിയും ഡെങ്കിയും ചിക്കന്‍പോക്‌സും വ്യാപകമാണ്.
സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കാലവർഷം ശക്തി പ്രാപിക്കുന്നത്. എന്നാൽ ഇക്കൊല്ലം മഴ കാണുമോ എന്നതില്‍ ആശങ്കയുണ്ട്. മഴ മാറിനിന്നാല്‍ നടീല്‍ കൃഷി പരാജപ്പെടും. കാപ്പി, കുരുമുളക് എന്നിവയില്‍ കായ്ഫലം കുറയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group