play-sharp-fill
റെയിൽവേ: പരാതികളും നിർദേശങ്ങളുമായി ഫ്രാൻസിസ് ജോർജ്ജ് എം.പി യുടെ ജനസദസ് ;  നൂറുകണക്കിനാളുകൾ പരാതിയുമായി എത്തി

റെയിൽവേ: പരാതികളും നിർദേശങ്ങളുമായി ഫ്രാൻസിസ് ജോർജ്ജ് എം.പി യുടെ ജനസദസ് ; നൂറുകണക്കിനാളുകൾ പരാതിയുമായി എത്തി

കോട്ടയം :റയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും യാത്രാക്ലേശം പരിഹിക്കുന്നതിനുമായി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി നടത്തിയ ജനസദസിൽ നൂറ് കണക്കിന് പരാതികൾ ലഭിച്ചു. ട്രയിൻ സർവ്വീസുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും ആളുകൾ എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തി. സ്റ്റേഷനുകളിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾ ജനപ്രതിനിധികൾ എം.പിയെ ധരിപ്പിച്ചു.

ആദ്യത്തെ ജനസദസ് ചിങ്ങവനം റയിൽവേ സ്റ്റേഷനിൽ നടന്നു. സ്റ്റേഷൻ കവാടത്തിൽ സ്റ്റേഷൻ സൂപ്രണ്ട് ഇമ്മാനുവേൽ എം ജോർജ് എം.പി.യെ പൂച്ചെണ്ട് നൽകിയും പള്ളം സി .എം .എസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയും സ്റ്റേഷനിലേക്ക് സ്വീകരിച്ചു.

തുടർന്ന് എം.പി.യും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും മറ്റ് ജനപ്രതിനിധികളും സ്റ്റേഷനും പരിസരവും നടന്നു പരിശോധിച്ചു.
തുടർന്ന് ജനസദസിൻ്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജനങ്ങളുടെ പരാതികൾ റയിൽവേ സ്റ്റേഷനിൽ ചെന്നു സ്വീകരിക്കുന്നതിനായി ഫ്രാൻസിസ് ജോർജ് നടത്തുന്ന ജനസദസ് കേരളത്തിൽ ആദ്യത്തെ സംഭവം ആണെന്ന് അദ്ദേഹം പറഞ്ഞു. റയിൽവേ വികസന രംഗത്ത് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയിലുള്ളതും
എം.സി റോഡിനോട് വളരെ അടുത്തുള്ളതുമായ ചിങ്ങവനം സ്റ്റേഷനിൽ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഇപ്പോഴുള്ള 3 പ്ലാറ്റ് ഫോമിനോടൊപ്പം 4 മത് ഒരെണ്ണം കൂടി നിർമ്മിക്കുന്നതിൻ്റെ സാധ്യത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ആവശ്യമായ സ്ഥലം റയിൽവേക്ക് നിലവിലുണ്ട്. ചിങ്ങവനം റോഡിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്കുള്ള കവാടത്തിൽ സ്റ്റേഷൻ്റെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, മുൻസിപ്പൽ കൗൺസിലർമാരായ ജോസ് പള്ളിക്കുന്നേൽ,ജയചന്ദ്രൻ,ലിസ്സി മണിമല,കെ.യു. രഘു,ധന്യ ഗിരീഷ്, സൂസൻ സേവ്യർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു,ടി.സി അരുൺ,പ്രിൻസ് ലൂക്കോസ്, ഇട്ടി ഐപ്പ് എന്നിവർ പ്രസംഗിച്ചു.
ഗാന്ധിജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് പള്ളം സി.എം.എസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ റയിൽവേ സ്റ്റേഷനിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു.

കുമാരനല്ലൂർ

പൊതു ജനങ്ങൾ പാളം മുറിച്ച് കടക്കുമ്പോൾ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണുമെന്ന് കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിൽ നടന്ന ജനസദസിൽ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. രണ്ടാം പ്ലാറ്റ് ഫോം ഉയരം കൂട്ടി പുനർ നിർമ്മിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരമായിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുമാരനല്ലൂർ ദേവി വിലാസം ഹയർസെക്കൻഡറി സ്കൂൾ, ഗവൺമെൻ്റ് ഹൈസ്കൂൾ, പാറമ്പുഴ ഹോളിഫാമിലി ഹൈസ്കൂൾ എന്നീവിടങ്ങളിലെ കുട്ടികളടക്കം അനേകമാളുകൾ നിവേദനം സമർപ്പിക്കാൻ എത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ സാബു മാത്യു അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ ജോസഫ്, എൻ. ജയചന്ദ്രൻ, പ്രിൻസ് ലൂക്കോസ്, റ്റി.സി.റോയി, അനിൽകുമാർ, ഷൈനി,ലിസി കുര്യൻ, അസീസ് കുമരനല്ലൂർ, ഫറൂഖ്, അൻസാരി എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരമറ്റം

കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷനിലെ ഉയരം കുറഞ്ഞ പ്ലാറ്റ്ഫോം ഉയരം കൂട്ടുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു. കാട് കയറിയും പ്രാവും കൂടായും മാറിയിരിക്കുന്ന സ്റ്റേഷൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഒലിപ്പുറത്തുള്ള റയിൽവേ ഗയിറ്റിന് സമീപമായി പാതി വഴിയിൽ നിർത്തിവച്ച അടിപ്പാതയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും.

സ്റ്റേഷൻ കെട്ടിടം പുതുക്കി പണിയുന്നതിനെക്കുറിച്ചും സ്ഥിര ജീവനക്കാരെ നിയമിക്കുന്നതിനെക്കുറിച്ചും റയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്ത് അംഗം അനിത റ്റീച്ചർ, അഡ്വ. റീസ് പുത്തൻ വീട്ടിൽ, ജോണി അരീക്കാട്ടിൻ’ എം.പി.ജോസഫ് ബ്ലോക്ക് അംഗം ബിജു തോമസ്, ബിന്ദു സജീവൻ, ഗ്രാമ പഞ്ചായത്ത് അംഗം ബഷീർ മാസ്റ്റർ,ജൂലിയ ജയിംസ്, സി. ആർ ദിലീപ് കുമാർ, സാലി പീറ്റർ എന്നിവർ പ്രസംഗിച്ചു.

മുളന്തുരുത്തി

മുളന്തുരുത്തി സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോം ഉയരം കൂട്ടി നിർമ്മിക്കുമെന്ന് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
മുളന്തുരുത്തി റയിൽവേ സ്റ്റേഷനിൽ നടത്തിയ ജനസദസിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യാത്രക്കാർക്ക് സ്റ്റേഷനിൽ വിശ്രമ സൗകര്യമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും എം.പി. പറഞ്ഞു. യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കുന്നതിന്നും ഇരുന്ന് വിശ്രമിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കസേരകളും ഒരുക്കുവാൻ പരിശ്രമിക്കുമെന്നും എം.പി. കൂട്ടിച്ചേർത്തു.

റയിൽവേയുടെ തരിശ് ആയി കിടക്കുന്ന സ്ഥലം പ്രയോജന പ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര റയിൽവേ മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽഎ ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, വി.ജെ. പൗലോസ് എക്സ് എം.എൽ.എ, സ്ലീബാ കാട്ടുമങ്ങാട്ട് കോർഎപ്പിസ്കോപ്പാ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് രൻജി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം യൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.

ചോറ്റാനിക്കര

ചോറ്റാനിക്കര റയിൽവേ സ്റ്റേഷനിൽ നടന്ന ജനസദസ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൻ്റെ എറണാകുളം സൈഡിലേക്കുള്ള ഭാഗം ഉയർത്തുന്ന കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു. അതോടൊപ്പം ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് മേൽപ്പാലം നിർമ്മിക്കുവാൻ പരിശ്രമിക്കും. സ്റ്റേഷനിലെ ജലദൗർലഭ്യം പരിഹരിച്ച് ശൗചാലയങ്ങൾ തുറന്ന് കൊടുക്കാൻ നടപടി സ്വീകരിക്കും. എൻ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ റോയി തിരുവാങ്കുളം, ജോൺസൺ തോമസ്, ഇന്ദിരാ ധർമ്മരാജൻ, റജി കുഞ്ഞൻ, ഓമനശശി, എ.ജെ. ജോർജ് രോഹിണി കൃഷ്ണകുമാർ ഷിൽജി രവി, ലൈജു ജനകൻ ദിവ്യാ ബാബു റോയി കുരീക്കാട് എന്നിവർ പ്രസംഗിച്ചു.

കുരീക്കാട് റയിൽവേ ലവൽ ക്രോസിന് പകരമായി മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള തറക്കല്ല് ഇട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, അനുപ് ജേക്കബ് എം.എൽഎ എന്നിവർ പ്രതിക്ഷേധം രേഖപ്പെടുത്തി. സംബന്ധിച്ച് RBDC ആർ ബി.സി.സി അധികൃതരുമായി ചർച്ച നടത്തുമെന്നും അവർ അറിയിച്ചു.