play-sharp-fill
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന..!  പിടിയിലായത് 89 പേർ..! പരിശോധന കോട്ടയം റെയിൽവെ സ്റ്റേഷനിലും തിരുവനന്തപുരത്തും..!

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന..! പിടിയിലായത് 89 പേർ..! പരിശോധന കോട്ടയം റെയിൽവെ സ്റ്റേഷനിലും തിരുവനന്തപുരത്തും..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലും കോട്ടയം റെയിൽവെ സ്റ്റേഷനിലും മിന്നൽ പരിശോധന നടത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരാണ് പരിശോധനയിൽ കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും ടിക്കറ്റ് തുകയും പിഴയും ഈടാക്കിയെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

ആകെ ആറ് ട്രെയിനുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിലായിരുന്നു പരിശോധന. ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള യുടിഎസ് എന്ന മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണത്തിന്റെ കൂടെ ഭാഗമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ പിടിയിലായവരിൽ നിന്നായി ആകെ 30,160 രൂപയാണ് പിഴയായി ഈടാക്കിയതെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷന് കീഴിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം – കോട്ടയം മെമു എക്സ്പ്രസ്, കന്യാകുമാരി – ബെംഗളൂരു ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി – പുണെ ജങ്ഷൻ ഡെയ്‌ലി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവയിലായിരുന്നു പരിശോധന.

വേനലവധിക്കാലം കഴിഞ്ഞ് സ്കൂളുകളും കോളേജുകളും പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. റെയിൽവെ വരുമാനത്തെ ബാധിക്കുന്നത് മാത്രമല്ല ടിക്കറ്റില്ലാത്ത യാത്രയെന്നും ഇത് മറ്റ് യാത്രക്കാരെയും ബാധിക്കുന്നതാണെന്നും റെയിൽവെ അധികൃതർ പറയുന്നു.