play-sharp-fill
തൊണ്ടിമുതല്‍ ട്രെയിനില്‍ പാഴ്സല്‍ അയച്ചു;  മാസം ഒന്ന് കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആളില്ല;  ഓരോ മണിക്കൂറിനും പത്ത് രൂപ പിഴ അടയ്ക്കണമെന്ന റെയിൽവേ നിയമത്തിൽ  പുലിവാലു പിടിച്ച്‌ പൊലീസ്

തൊണ്ടിമുതല്‍ ട്രെയിനില്‍ പാഴ്സല്‍ അയച്ചു; മാസം ഒന്ന് കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആളില്ല; ഓരോ മണിക്കൂറിനും പത്ത് രൂപ പിഴ അടയ്ക്കണമെന്ന റെയിൽവേ നിയമത്തിൽ പുലിവാലു പിടിച്ച്‌ പൊലീസ്

സ്വന്തം ലേഖിക

മാവേലിക്കര: ട്രെയിനില്‍ പാഴ്സല്‍ അയച്ച തൊണ്ടിമുതല്‍ പാഴ്സല്‍ കേന്ദ്രത്തില്‍ അനാഥമായി കിടക്കുന്നു.

തൊണ്ടിമുതലായ സ്കൂട്ടര്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ കേന്ദ്രത്തിലാണ് ആരും തിരിഞ്ഞ് നോക്കാതെ അനാഥമായി കിടക്കുന്നത്. കുറത്തികാട് പൊലീസ് സ്റ്റേഷനിലെ കേസുമായി (ക്രൈം നസര്‍ 281/ 2022) ബന്ധപ്പെട്ട തൊണ്ടിമുതലായ സ്കൂട്ടര്‍ (കെഎല്‍ 29-എല്‍-2521) ആണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഒരു മാസമായി ഇരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഴിഞ്ഞ ജൂണ്‍ 30ന് ആണ് കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് കുറത്തികാട് പൊലീസ് സ്കൂട്ടര്‍ അയച്ചത്. അടുത്ത ദിവസം തന്നെ സ്കൂട്ടര്‍ കായംകുളം പാഴ്സല്‍ ഓഫിസിലെത്തി. പാഴ്സല്‍ കൈപ്പറ്റാന്‍ യഥാസമയം ആരുമെത്തിയില്ല.
പാഴ്സലിനു മുകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിരുന്നില്ലെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു.

6 ദിവസം കഴിഞ്ഞു റെയില്‍വേ അധിക‍ൃതര്‍ കുറത്തികാട് പൊലീസിന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് 6 മണിക്കൂര്‍ വരെ പാഴ്സലുകള്‍ക്കു വാര്‍ഫേജ് (കയറ്റിറക്കുമതി) നിരക്ക് റെയില്‍വേ ഈടാക്കാറില്ല. 6 മണിക്കൂറിനു ശേഷം ഓരോ മണിക്കൂറിനും 10 രൂപയും ജിഎസ്ടിയും അടയ്ക്കണമെന്നാണു നിയമം.

കുറത്തികാട് പൊലീസ് ജൂലൈ ഏഴിനാണു തൊണ്ടിമുതല്‍ എടുക്കാനെത്തിയത്. 1502 രൂപ അടയ്ക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടു. അടയ്ക്കാനാകില്ലെന്നു പൊലീസ് മറുപടിയും നല്‍കി. റെയില്‍വേ പാഴ്സല്‍ വിട്ടു നല്‍കാന്‍ തയാറാകാതിരുന്നതോടെ പൊലീസ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് കോടതി റെയില്‍വേക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

പിഴ അടയ്ക്കണമെന്നും ഇളവുകള്‍ നല്‍കാന്‍ റെയില്‍വേ നിയമ പ്രകാരം സാധിക്കില്ലെന്നും റെയില്‍വേ ബോധിപ്പിച്ചതോടെ ഹര്‍ജി കോടതി തള്ളി. വിധിക്കെതിതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ആദ്യം 1502 രൂപയാണ് അടയ്ക്കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 7500 രൂപയായി ഉയര്‍ന്നു.

പാഴ്സല്‍ വന്നതു കൃത്യമായി വിളിച്ചറിയിക്കുന്നതില്‍ റെയില്‍വേ വീഴ്ചവരുത്തിയെന്നാണു പൊലീസ് പറയുന്നത്. കുറത്തികാട്ടെ വീടിന്റെ കതക് തകര്‍ത്തു മോഷണം നടത്തിയ കേസിലെ ഒരു പ്രതി ഉപയോഗിച്ച സ്കൂട്ടര്‍ പാലക്കാട് ലക്കിടിയില്‍ ഒരു വാടക വീട്ടില്‍ നിന്നു ജൂണ്‍ 30ന് ആണു പൊലീസ് കണ്ടെത്തിയത്. റെയില്‍വേക്കു വേണ്ടി അഭിഭാഷകന്‍ അനില്‍ വിളയില്‍ ഹാജരായി.