
അർധരാത്രിയിൽ റെയിൽവേ സ്‌റ്റേഷനിൽപ്പെട്ടുപോയ ഗുരുതരാവസ്ഥയിലായ കാൻസർ രോഗിയ്ക്ക് ആംബുലൻസ് നിഷേധിച്ച് റെയിൽവേ അധികൃതർ: ഒടുവിൽ രോഗിയ്ക്കും കുടുംബത്തിനും തുണയായത് പൊലീസുകാരൻ നൽകിയ നൂറു രൂപ..!
സ്വന്തം ലേഖകൻ
കോട്ടയം: അർധരാത്രിയിൽ റെയിൽവേസ്‌റ്റേഷനിൽ കുടുങ്ങിപ്പോയ കാൻസർ രോഗിയോട് തെല്ലും കരുണകാട്ടാതെ റെയിൽവേ അധികൃതർ. രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനും പോർട്ടറും ചേർന്ന് വീൽച്ചെയറിൽ ഇരുത്തി എടുത്തുകൊണ്ടു വന്ന കാൻസർ രോഗിയോടാണ് തെല്ലും കരുണ കാട്ടാതെ റെയിൽവേ അധികൃതർ എത്തിയത്. ആംബുലൻസ് ആവശ്യപ്പെട്ടിട്ട് എത്തിച്ചു നൽകാൻ റെയിൽവേ അധികൃതർ തയ്യാറാകാതെ വന്നതോടെ, ഓട്ടോയിലാണ് രോഗിയെയും കുടുംബത്തെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ഇതിന് പണം നൽകിയതാവട്ടെ ഈ സമയം റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ നായരായിരുന്നു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശികളായ കുടുംബം ഭർത്താവിന് കാൻസർ ചികിത്സ നടത്തിയതിനെ തുടർന്ന് വീടും സ്ഥലവും വിറ്റ് മംഗലാപുരത്തേയ്ക്ക് താമസം മാറിയിരുന്നു. ചികിത്സയെ തുടർന്നാണ് ഇവർക്ക് വീടും സ്ഥലവും വിൽക്കേണ്ടി വന്നത്. തുടർന്ന് ഇവർ മംഗലാപുരത്തേയ്ക്ക് താമസം മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയ്ക്കായാണ് ഇവർ കഴിഞ്ഞ ദിവസം മംഗലാപുരത്തു നന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചത്.
പുലർച്ചെ ഒരു മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രോഗിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവർ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി. ഈ സമയം റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജുമോൻനായരെ സഹായത്തിനായി ഇവർ സമീപിച്ചു. തുടർന്ന് ഇദ്ദേഹം റെയിൽവേ അധികൃതരോട് ആംബുലൻസ് എത്തിച്ചു നൽകാൻ അഭ്യർത്ഥിച്ചു. ഇതിനു ശേഷം ഒരു പോർട്ടറും, ബിജുമോൻ നായരും ചേർന്ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും വീൽച്ചെയറിൽ ഇരുത്തി ചുമന്നാണ് രോഗിയെ പുറത്ത് എത്തിച്ചത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും വീൽചെയർ പുറത്തേയ്ക്ക് കൊണ്ടു വരാൻ റാമ്പ് ഇല്ലാതിരുന്നതാണ് ഇപ്പോൾ പ്രശ്‌നമുണ്ടായത്. തുടർന്നാണ് രണ്ടു പേർ ചേർന്ന് ചുമന്ന് പുറത്ത് എത്തിച്ചത്. എന്നാൽ, റെയിൽവേ സ്റ്റേഷന്റെ വാതിലിൽ എത്തി അരമണിക്കൂറോളം നേരം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. ഇതു സംബന്ധിച്ചു റെയിൽവേ അധികൃതരോട് ചോദിച്ചെങ്കിലും നിഷേധകരമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് ബിജുമോൻ നായർ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിനെ വിളിച്ചു. എന്നാൽ, ആംബുലൻസ് ഇല്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നായിരുന്നു ഇവിടെ നിന്നും ലഭിച്ച മറുപടി. തുടർന്ന് ആംബുലൻസ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവർക്ക് ആശുപത്രിയിലേയ്ക്ക് പോകുന്നതിനുള്ള ഓട്ടോറിക്ഷയ്ക്കുള്ള നൂറു രൂപ നൽകിയത് പോലും പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.