
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് കണ്‍സഷന്‍ നിർത്തലാക്കി; റെയിൽവേക്ക് നേടിക്കൊടുത്തത് 2242 കോടിയുടെ അധിക വരുമാനം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് കണ്‍സഷന്‍ നിർത്തലാക്കിയ കേന്ദ്രത്തിന്റെ നടപടി ഇന്ത്യൻ റെയിൽവേക്ക് നേടിക്കൊടുത്തത് 2242 കോടിയുടെ അധിക വരുമാനം. 2022-23 കാലഘട്ടത്തിലെ കണക്കുകളാണിത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖറിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മാഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാരുടെ യാത്ര കുറയ്ക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായാണ് അവർക്ക് നൽകിവന്ന കൺസഷൻ സർക്കാർ റദ്ദ് ചെയ്തത്. സ്ത്രീകള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കണ്‍സെഷനും മുതിര്‍ന്ന പൗരന്മാരായ പുരുഷന്മാര്‍ക്ക് 40 ശതമാനം കണ്‍സഷനുമാണ് റെയില്‍വെയുടെ എല്ലാ ക്ലാസുകളിലും മുമ്പ് നല്‍കിവന്നിരുന്നത്. പുരുഷന്മാര്‍ക്ക് 60 വയസും സ്ത്രീകള്‍ക്ക് 58 വയസുമായിരുന്നു കണ്‍സഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മഹാമാരിയുണ്ടായ 2020 ലെ മാര്‍ച്ച് മാസംമുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കണ്‍സഷന്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. ഏതാണ്ട് 2020 മുഴുവനും 2022-ലെ ഏറെക്കാലത്തും ട്രെയിന്‍ സര്‍വീസുകള്‍ അധികം ഉണ്ടായിരുന്നില്ല. ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലായതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിവന്ന കണ്‍സഷന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.
2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ റെയില്‍വെയ്ക്ക് 3464 കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാരില്‍നിന്നുള്ള ടിക്കറ്റ് വരുമാനമായി ലഭിച്ചത്. കണ്‍സഷന്‍ നല്‍കിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന തുകയെക്കാള്‍ 1500 കോടിരൂപ അധികമാണ് റെയില്‍വെയ്ക്ക് ഈ കാലയളവില്‍ മുതിര്‍ന്ന പൗരന്മാരുടെ യാത്രാടിക്കറ്റ് വരുമാനമായി ലഭിച്ചത്..
2022 ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ റെയില്‍വെ മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളും, പുരുഷന്മാരും ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കമുള്ളവര്‍ക്ക് കണ്‍സഷന്‍ നല്‍കിയില്ല. 5062 കോടി രൂപയാണ് ഈ കാലയളവില്‍ റെയില്‍വേയ്ക്ക് മുതിര്‍ന്ന പൗരന്മാരില്‍നിന്ന് ആകെ വരുമാനമായി ലഭിച്ചത്. കണ്‍സഷന്‍ റദ്ദാക്കിയ നടപടിയിലൂടെ ലഭിച്ച 2242 കോടിയുടെ അധികവരുമാനം അടക്കമുള്ള തുകയാണിത്.
2022 – 23 കാലയളവില്‍ മുതിര്‍ന്ന പൗരന്മാരായ പുരുഷന്മാരില്‍നിന്ന് റെയിവെയ്ക്ക് 2891 കോടിരൂപയും സ്ത്രീകളില്‍നിന്ന് 2169 കോടിരൂപയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍നിന്ന് 1.03 കോടിരൂപയും ലഭിച്ചു.