ബോംബിനു മുന്നിൽ തോൽക്കാത്ത പാലത്തെ മുറിച്ച് കഷണങ്ങളാക്കുന്നു: ഇത് നേരത്തെ ചെയ്താൽ പോരായിരുന്നോ എന്ന് നാട്; നാഗമ്പടം പാലം പൊളിച്ചു തുടങ്ങി: ട്രെയിൻ ഗതാഗതത്തിൽ സമ്പൂർണ നിയന്ത്രണം; യാത്രക്കാർ വലയും
സ്വന്തം ലേഖകൻ
കോട്ടയം: ഇതങ്ങ് നേത്തെ ചെയ്താൽ പോരായിരുന്നോ സാറേ..! കോട്ടയത്തിന്റെ അഭിമാനമായ നാഗമ്പടം പാലം പൊളിച്ച് മാറ്റാൻ പണം കുറേ ചിലവഴിച്ച് നടത്തിയ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ പാലം കഷണങ്ങളാക്കി അറുത്തുമാറ്റാനുള്ള നീക്കം ഏതാണ്ട് വിജയത്തിലേയ്ക്ക് അടുക്കുന്നതോടെയാണ് കോട്ടയത്തുകാർ ഒറ്റക്കെട്ടായി ഈ ചോദ്യം ചോദിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയിൽ രണ്ടു ക്രെയിനുകൾ എത്തിച്ച് പാലം പൊളിച്ച് മാറ്റുന്നതിനു മുന്നോടിയായുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. പാലം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി രണ്ട് ക്രെയിനുകൾ രണ്ടു വശത്തും സ്ഥാപിച്ച ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ആദ്യം പാലത്തിന് ബലം നിൽകുന്ന കോൺക്രീറ്റ് കമാനങ്ങൾ അറുത്ത് താഴെയിറക്കും. ക്രെയിൻ ഉപയോഗിച്ചാണ് ഇത് താഴെയിറക്കുക. ഇതിന്റെ ജോലികളാണ് ഇപ്പോൾ ആദ്യഘട്ടമായി നടക്കുന്നത്.
ശനിയാഴ്ച എറണാകുളം കായംകുളം റൂട്ടിലും ആലപ്പുഴ വഴിയുമുള്ള 31 ട്രെയിൻ റദ്ദു ചെയ്യുകയും 26 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ആറു ട്രെയിനുകൾ ഭാഗീകമായാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ സമയത്തിൽ നിയന്ത്രണം ഉണ്ടാകുമെന്നും ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നു. ഇത് യാത്രക്കാരെ ഏറെ വലയ്ക്കുമെന്ന് ഉറപ്പാണ്. കായംകുളത്തിനും എറണാകുളത്തിനും ഇടയിലുള്ള സ്റ്റേഷനുകളിൽ ട്ിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ കായംകുളത്തോ, ആലപ്പുഴയിലോ , എറണാകുളത്തോ എത്തി ട്രെയിനിൽ കയറേണ്ടി വരും.
ശനിയാഴ്ച രാത്രി പന്ത്രണ്ട് വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം അനുവദിച്ചിരിക്കുന്നത്. എന്നാൽ, പാലം പൊളിക്കുന്ന ജോലികൾ ഏതെങ്കിലും സാഹചര്യത്തിൽ വൈകിയാൽ ട്രെയിൻ ഗതാഗത നിയന്ത്രണം വീണ്ടും നീളും. വെള്ളിയാഴ്ച രാത്രിയിലാണ് റെയിൽവേ ട്രാക്കിലെ വൈദ്യുതി ലൈനുകൾ അഴച്ചു നീക്കിയത്. ഈ ലൈനുകൾ പുനസ്ഥാപിച്ച ശേഷമേ ഇനി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group